Monday, May 6, 2024
HealthkeralaNewspolitics

സമരം പിന്‍വലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സമരം പിന്‍വലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടര്‍മാര്‍. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു. ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സര്‍ക്കാര്‍ ഇറങ്ങിയത്. എന്നാല്‍, ഉത്തരവില്‍ വ്യക്തത ഇല്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.ഒന്നാം വര്‍ഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഈ കാര്യത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നല്‍കിയാണ് താത്കാലിക നിയമനം.