Sunday, May 19, 2024
indiakeralaNews

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രാജ്യത്തിനു നഷ്ടമായത് സംയുക്ത സേനാ മേധാവിയെയും ധീരസൈനികരെയുമാണെങ്കില്‍ കൃതികയ്ക്കും താരുണിക്കും നഷ്ടമായത് അവരുടെ മാതാപിതാക്കളെയാണ്

ന്യൂഡല്‍ഹി; ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രാജ്യത്തിനു നഷ്ടമായത് സംയുക്ത സേനാ മേധാവിയെയും ധീരസൈനികരെയുമാണെങ്കില്‍ കൃതികയ്ക്കും താരുണിക്കും നഷ്ടമായത് അവരുടെ മാതാപിതാക്കളെയാണ്. ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടില്‍നിന്നു യാത്രതിരിച്ച മാതാപിതാക്കള്‍ ഒരുദിവസത്തിനുശേഷം, വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇരുവരെയും ആശ്വസിപ്പിച്ചു.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പത്‌നി മധുലിക, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അവിടെയെത്തി അഭിവാദ്യമര്‍പ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച 11 മുതല്‍ 1.30 വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും.