Tuesday, May 14, 2024
indiaNews

ബ്രിഗേഡിയര്‍ എല്‍. എസ് ലിഡ്ഡര്‍ക്ക് വിട

മേജര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് കുന്നൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബ്രിഗേഡിയര്‍ എല്‍. എസ് ലിഡ്ഡര്‍ വിടവാങ്ങിയത്. ജമ്മു കശ്മീരിലെ ഭീകരര്‍ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച ലിഡ്ഡര്‍ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലെറെയായി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിശ്വസ്തനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലഖ്ബിന്ദര്‍ സിങ് ലിഡ്ഡര്‍. സേവനങ്ങള്‍ക്കുള്ള അംഗീകരമായി മേജര്‍ ജനറല്‍ ആയി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ലിഡ്ഡറിനെ വിധി തട്ടിയെടുത്തത്.മുന്‍പും ജനറല്‍ ബിപിന്‍ റാവത്തിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലിഡ്ഡറിന് ലഭിച്ചിരുന്നു. ഈ പരിചയമാണ് അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ഡിഫെന്‍സ് അസിസ്റ്റന്റ് സ്ഥാനത്തേക്ക് ബ്രിഗേഡിയര്‍ ലിഡ്ഡറിനെ എത്തിച്ചത്. ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ രണ്ടാം ബറ്റാലിയന്റെ കമാന്‍ഡായിരുന്ന ബ്രിഗേഡിയര്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ധീര സൈനികനായിരുന്നു. ആര്‍മിയില്‍ കേണല്‍ ആയിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ലിഡ്ഡര്‍ ആര്‍മിയില്‍ ചേര്‍ന്നത്. രാജ്യത്തിന് വേണ്ടി നടത്തിയ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കായി ധീരതക്കുള്ള സേന മെഡലും വിശിഷ്ട സേവ മെഡലും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ലിഡ്ഡറിന്റെ മരണത്തോടെ നഷ്ടമായത് രാജ്യത്തെത്തന്നെ മികച്ച ഓഫീസര്‍മാരില്‍ ഒരാളെയും പ്രിയപ്പെട്ട സുഹൃത്തിനെയുമാണെന്ന് ബി ജെ പി എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ കേണല്‍ രാജ് വര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ നവംബര്‍ 27ന് മകള്‍ ആഷ്‌ന ലിഡ്ഡര്‍ എഴുതിയ ‘ഇന്‍ സെര്‍ച്ച് ഓഫ് എ ടൈറ്റില്‍: മ്യൂസിങ്‌സ് ഓഫ് എ ടീനേജര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ബ്രിഗേഡിയര്‍ സംസാരിച്ചിരുന്നു. ഡിവിഷന്‍ ഓഫീസറായി സ്ഥാനമേല്‍ക്കുന്നതിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ ടീമില്‍ നിന്നും പിരിയാന്‍ ഒരുങ്ങിയ ലിഡ്ഡര്‍ പക്ഷെ അതെ ടീമിനോപ്പം മരണത്തിലേക്ക് യാത്രയായി.