Monday, April 29, 2024
keralaNews

സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍; ഈ മാസം 9-ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും.

സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍. ഈ മാസം 9-ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒപി അടക്കം ബഹിഷ്‌കരിച്ചേക്കും. നടപടി വന്നാല്‍ നിയമപരമായി നേരിടാനാണ് സംഘടനയുടെ തീരുമാനം. ചര്‍ച്ച ഉടന്‍ നടത്താന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നല്‍കാന്‍ പറ്റുന്നതെല്ലാം നല്‍കിയെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കുടിശിക മുഴുവന്‍ നല്‍കാന്‍ പറ്റുന്ന സാമ്പത്തിക സംവിധാനം ഇപ്പോള്‍ ഇല്ല. രോഗികളെ ബുദ്ധിമുട്ടിച്ച് സമരം തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അലവാന്‍സുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു. അലവന്‍സ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നല്‍കുമെന്ന് പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. ഇനിയും ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.