Wednesday, May 15, 2024
keralaNews

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

തൃശൂര്‍ സംസ്ഥാന പാതയില്‍ കൊരട്ടിക്കരയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പട്ടാമ്പി കൂട്ടുപാത തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷാഫി (26) മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ കാര്‍ കോഴിക്കോട്തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടന്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിര്‍മാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവര്‍ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവര്‍ക്കും നിസ്സാര പരുക്കുണ്ട്.

അബുദാബിയില്‍ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുന്‍പാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണു ദുരന്തം. ഉമ്മ: നബീസ. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, സുലൈമാന്‍, ഷംല, ഷാജിത, ഷെജി.