Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുള്ള തദ്ദേശ വാര്‍ഡുകളുടെ എണ്ണത്തില്‍ കുറവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുള്ള തദ്ദേശ വാര്‍ഡുകളുടെ എണ്ണത്തില്‍ കുറവ്. ഈയാഴ്ച 414 വാര്‍ഡുകളിലാണ് പ്രതിവാര രോഗവ്യാപനത്തോത് എട്ടിനുമുകളില്‍. അതേസമയം ഐ.പി.ആര്‍ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന ഇടുക്കിയില്‍ ഇത്തവണ 27 വാര്‍ഡുകളിലാണ് കടുത്തനിയന്ത്രണങ്ങള്‍.പ്രതിവാര രോഗവ്യാപനത്തോത് എട്ടിനുമുകളിലുള്ള 634 തദ്ദേശവാര്‍ഡുകളിലായിരുന്നു കഴിഞ്ഞയാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍. ഈ ആഴ്ച അത് 414 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ നഗരസഭയിലെ ഇരുപത്തിയെട്ടാം വാര്‍ഡില്‍ മാത്രമാണ് ഐ.പി.ആര്‍ എട്ടിനുമുകളില്‍. കൊല്ലത്തും പത്തനംതിട്ടയിലും രണ്ടുവീതം വാര്‍ഡുകളിലും. കര്‍ശനനിയന്ത്രണമുള്ള നൂറില്‍കൂടുതല്‍ വാര്‍ഡുകള്‍ ഒരു ജില്ലയിലുമില്ല. നിയന്ത്രണങ്ങളുള്ള പ്രദേശങ്ങള്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 99 വാര്‍ഡുകള്‍. കോഴിക്കോട്ട് 83 വാര്‍ഡുകളിലാണ് നിയന്ത്രണം.കോര്‍പ്പറേഷനില്‍ രണ്ട് ഡിവിഷനുകളില്‍ നിയന്ത്രണങ്ങളുണ്ട്. എറണാകുളത്ത് അന്‍പതുവാര്‍ഡുകളില്‍ ഐ.പി.ആര്‍ എട്ടിനുമുകളിലാണ്. കൊച്ചി കോര്‍പ്പറേഷനില്‍ എവിടെയും നിയന്ത്രണങ്ങളില്ല. അതേസമയം ഐ.പി.ആര്‍ കുറഞ്ഞ ചില ജില്ലകളില്‍ ഇത്തവണ എട്ടിനുമുകളിലായി. ഇതുവരെ ഐ.പി.ആര്‍. പട്ടികയില്‍ ഇല്ലാതിരുന്ന ഇടുക്കി ജില്ലയില്‍ 27 വാര്‍ഡുകള്‍ ഇത്തവണ കര്‍ശനനിയന്ത്രണ പട്ടികയിലായി. അയ്യപ്പന്‍കോവില്‍, കുമാരമംഗലം ഗ്രാമപഞ്ചായത്തുകള്‍ മുഴുവനയും നിയന്ത്രണ പരിധിയിലാണ്.