Thursday, May 2, 2024
keralaLocal NewsNewspolitics

സഞ്ജിത്ത് കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ ആറ് വെട്ടിനെത്തുടര്‍ന്ന്

പാലക്കാട് എടുപ്പുകുളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ ആറ് വെട്ടിനെത്തുടര്‍ന്ന്. ശരീരത്തില്‍ മുപ്പത് വെട്ടുകളുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതുവരെ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനായിട്ടില്ല. അതേസമയം ഭീഷണിയുണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ബിജെപി ആരോപണം.തലയിലേറ്റ ആറ് വെട്ടും ആഴത്തിലുള്ളതായിരുന്നു. പ്രതിരോധിക്കുന്നതിനിടെയാണ് സഞ്ജിത്തിന്റെ കൈയ്ക്കും കാലിനും ഇരുപത്തി നാല് വെട്ടേറ്റത്. ചോരവാര്‍ന്ന് അവശനിലയിലായ സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൂന്നുപേര്‍ വളഞ്ഞിട്ട് വെട്ടുകയായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. നേരത്തെയും സഞ്ജിത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. ഈ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് കൊലയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളില്‍പ്പെട്ട രണ്ട് കാറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ട് സംഘം അന്വേഷണത്തിനുണ്ട്. ഫോണ്‍ വിളികളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.സഞ്ജിത്തിന്റെ വരവും പോക്കുമെല്ലാം കൃത്യമായി നിരീക്ഷിച്ച് ആള്‍ സഞ്ചാരം കുറഞ്ഞ വഴിയിലായിരുന്നു ആക്രമണം. കൊലപാതകത്തിന്റെ രീതിയും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. എന്നാല്‍ നേരത്തെയുണ്ടായ ആക്രമണങ്ങള്‍ പൊലീസ് ഗൗരവമായി എടുത്തില്ല എന്നതിന്റെ തെളിവാണ് സഞ്ജിത്തിന്റെ കൊലപാതകമെന്നാണ് ബി.ജെ.പി ആരോപണം. പാലക്കാട് നഗരത്തിലും എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് സുരക്ഷ തുടരും. പ്രതിഷേധ പരിപാടികള്‍ ഉള്‍പ്പെടെ പ്രത്യേകം നിരീക്ഷിക്കും.