Thursday, May 16, 2024
keralaNews

മോഡലുകള്‍ മരിച്ച കേസില്‍ ഹോട്ടല്‍ ഉടമയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമയെ ഇന്ന് ചോദ്യം ചെയ്യും. 24 മണിക്കൂറിനകം ഹാജരാകാനായി ഹോട്ടലുടമ റോയ് വയലാട്ടിന് പൊലീസ് നിര്‍ദേശം നല്‍കി. ഡിജെ പാര്‍ട്ടിനടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക്ക് റോയിയുടെ നിര്‍ദേശപ്രകാരം ഒളിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കേസില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും.മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്ത് മുഹമദ് ആഷിഖും കാറപകടത്തില്‍ കൊല്ലപ്പെട്ട രാത്രിയില്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയത് റോയ് വയലാട്ടിന്റെ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നായിരുന്നു. ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ഹോട്ടലില്‍ രണ്ടുവട്ടം റെയ്ഡ് നടത്തിയെങ്കിലും ലഭിച്ചില്ല. വാഹനാപകടത്തില്‍ പെട്ടവര്‍ കഴിഞ്ഞമാസം ഹോട്ടലില്‍ എത്തുന്നതും ഇടനാഴികളില്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ മാത്രമാണ് കിട്ടിയത്.ഹോട്ടലിലെ ജീവനക്കാര്‍ ഹോട്ടലുടമയുെട നിര്‍േദശപ്രകാരം ഡിജെ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് അഴിച്ചുമാറ്റിയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ടെക്‌നീഷ്യനോട് ഹാര്‍ഡ് ഡിസ്‌ക് അഴിച്ചുമാറ്റുന്നതിന് വേണ്ടി ബന്ധപ്പെട്ട് നടത്തിയ വാട്‌സ് ആപ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ഹാര്‍ഡ് ഡിസ്‌ക് വേസ്റ്റ് ബാസ്റ്റക്കറ്റില്‍ ഉപേക്ഷിച്ചെന്നാണ് ഹോട്ടലുടമയുടെ ഡ്രൈവറുടെ മൊഴി. അപകടത്തിന് പിന്നാലെ ഹോട്ടലുകാര്‍ സിസിടിവി ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിലെ ദുരൂഹത എന്താണെന്ന് കണ്ടെത്താന്‍ റോയിയെ ചോദ്യം ചെയ്യുന്നത്. കേസില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും.