Tuesday, May 7, 2024
keralaNewspolitics

സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയവിരോധം എഫ്ഐആര്‍

പാലക്കാട്: പാലക്കാട് മമ്പറത്ത് ഭാര്യയുടെ മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. എന്നാല്‍ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്‌ഐആറില്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്‌ഐആറിലില്ല.കൊല നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവരുന്നത്. കൊലപാതകികള്‍ വന്നത് വെളുത്ത ചെറിയ കാറിലെന്ന് എഫ്‌ഐആര്‍ സാക്ഷ്യപ്പെടുത്തുന്നു. കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നില്‍. തിങ്കളാഴ്ച രാവിലെ 8.45-നാണ് കൃത്യം നടന്നതെന്നും എഫ്‌ഐആര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് എസ്പി ആര്‍ വിശ്വനാഥിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി സിഐമാരും സംഘത്തിലുണ്ട്.