Thursday, May 2, 2024
keralaNewspolitics

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയില്‍ ഇത്തവണ ഇടുക്കിയില്‍ നിന്ന് 2423 പേര്‍ക്ക് പട്ടയം കിട്ടും

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയില്‍ ഇത്തവണ ഇടുക്കിയില്‍ നിന്ന് 2423 പേര്‍ക്ക് പട്ടയം കിട്ടും. 2015 നു ശേഷം ആദ്യമായി ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം അനുസരിച്ചുള്ള പട്ടയങ്ങളും ഇത്തവണ കൈമാറും. ചൊവ്വാഴ്ചയാണ് പട്ടയ വിതരണ മേള. 1964 ലെ ഭൂമി പതിവു ചട്ട പ്രകാരമുള്ള 1813 പട്ടയങ്ങളും, 93 ലെ പ്രത്യേക ചട്ടം അനുസരിച്ചുള്ള 393 എണ്ണവും, 158 വനാവകാശ രേഖയും ഉള്‍പ്പെടയാണ് 2423 പട്ടയങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കുന്നത്. 1748. കുറവ് പീടുമേട്ടില്‍ 33 എണ്ണം. ഉടുമ്പന്‍ചോലയില്‍ 157 ഉം ദേവികുളത്ത് 230 ഉം തൊടുപുഴയില്‍ 255 പട്ടയങ്ങളും വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മറ്റു താലൂക്കുകളില്‍ എംഎല്‍എ മാര്‍ പട്ടയം വിതരണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.
ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം 31 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഗ്രോമോര്‍ ഫുഡ് പദ്ധതി പ്രകാരം ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ കുടിയിരുത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്കാണ് എച്ച്ആര്‍സി പട്ടയം നല്‍കുന്നത്. വര്‍ഷങ്ങളായി കെട്ടിക്കിടന്ന അപേക്ഷകളില്‍ മുന്‍ കളക്ടറാണ് നടപടികള്‍ വേഗത്തിലാക്കിയത്. തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ മുന്‍കയ്യെടുത്ത് പട്ടയങ്ങള്‍ തയ്യാറാക്കി. നാലേക്കര്‍ വീതം ഭൂമിക്കാണ് ഈ പട്ടയം കിട്ടുക. എച്ച് ആര്‍സി പട്ടയത്തിനു സമര്‍പ്പിച്ച മൂന്നൂറ്റി മുപ്പതിലധികം അപേക്ഷകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.