Friday, May 10, 2024
keralaNews

സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതല്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ആരംഭിച്ചു.

കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതല്‍ 16ന് അര്‍ധരാത്രി വരെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തുപോകേണ്ടവര്‍ക്കു പൊലീസിന്റെ പാസ് വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈന്‍ പാസ് സംവിധാനം ഇന്നു വൈകിട്ടോടെ നിലവില്‍ വരുമെന്നു പൊലീസ് വ്യക്തമാക്കി.
തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യസേവന വിഭാഗക്കാര്‍ക്കു ജോലിക്കു പോകാന്‍ പാസ് വേണ്ട. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ നേരിട്ടോ തൊഴില്‍ദാതാവ് മുഖേനയോ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പാസിന് അപേക്ഷ നല്‍കണം. ഇവര്‍ക്ക് ഇന്നുമാത്രം സ്വയം തയാറാക്കിയ സാക്ഷ്യപത്രവുമായി യാത്ര ചെയ്യാം. മറ്റുള്ളവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് സത്യപ്രസ്താവനയുമായി ഇന്നു യാത്ര ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നാല്‍, അവശ്യസേവന വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ പാസ് നിര്‍ബന്ധമാണെന്നു പൊലീസ് അറിയിച്ചു. പാസ് സംവിധാനം സംബന്ധിച്ച് ഇന്നു വൈകിട്ടോടെ വ്യക്തത വരുമെന്നാണ് സൂചന. ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തിയാണു നിയന്ത്രണങ്ങള്‍ കൂട്ടിയത്.

പൊതുഗതാഗതമില്ല.

ട്രെയിനും വിമാനവുമൊഴികെ പൊതുഗതാഗതമില്ല. അവശ്യ വസ്തുക്കളും മരുന്നും വാങ്ങാനും അവശ്യസര്‍വീസുകള്‍ക്കും മാത്രമേ സ്വകാര്യ വാഹനം പുറത്തിറക്കാവൂ. അടിയന്തര വൈദ്യ സഹായത്തിനും ട്രെയിന്‍, വിമാന യാത്രക്കാരെ കൊണ്ടുപോകാനും ടാക്‌സി / ഓട്ടോ സര്‍വീസാകാം. യാത്രാ രേഖ വേണം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസും ഇങ്ങനെ നടത്താം. കോവിഡ് വാക്‌സീന്‍ എടുക്കേണ്ടവര്‍, ആശുപത്രി കൂട്ടിരിപ്പുകാര്‍, കോവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, പ്രായമായവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവര്‍ എന്നിവര്‍ക്കും യാത്ര ചെയ്യാം. അഭിഭാഷകര്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും കോടതിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.