Friday, March 29, 2024
keralaNews

ജോളി കേസിന് സമാനമായ കൊലപാതക ശ്രമം: ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി ഭര്‍ത്താവിന് കൊലപ്പെടുത്താന്‍ ശ്രമം ; ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ:  ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി
ഭര്‍ത്താവിന്  നൽകി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ്(36)ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സതീഷ്(38) നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. കേസ്സുമായി ബന്ധപ്പെട്ട്
ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെ വിവാഹം കഴിച്ചത്. 2008 മുതൽ ഇവർ മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കി. സ്വന്തമായി സ്ഥലവും വീടും വാങ്ങി 2012 ൽ പാലാക്കാട്ടേയ്ക്ക് മാറി. ഇവർക്ക് രണ്ട് പെൺ മക്കളുമുണ്ട്.
പ്രമുഖ ബ്രാൻഡ് ഐസ്‌ ക്രിമിന്റെ മൊത്ത വിതരണക്കാരനാണ് സതീഷ്. ഭാര്യയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി ഇയാൾ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സമീപകാലത്ത് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം തുടച്ചയായി ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഡോക്ടറെ സമീപിച്ചപ്പോൾ ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന നിരീക്ഷണത്തിൽ മരുന്ന് നൽകി. അത് കഴിച്ചെങ്കിലും ക്ഷീണത്തിന് മാറ്റമുണ്ടായില്ല. പിന്നീട് 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും ഉണ്ടാകാതിരുന്നതിനാൽ തോന്നിയ സംശയമാണ് കേസിലേക്ക് വഴിത്തിരിവായത്.ഭര്‍ത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് 2015 മുതൽ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി യുവതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിക്ക് സതീഷ് നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ
പോലിസ് അന്വേഷണം നടത്തിയത്. വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുത്തതിനെ തുടർന്നാണ്
യുവതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പാലാ ഡി.വൈ.എസ്.പി.ഷാജു ജോസിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ.കെ.പി.ടോംസണ്‍, എസ്.എ.അഭിലാഷ് എം.ഡി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.