Saturday, May 4, 2024
keralaNews

ഷിഗെല്ല രോഗം വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു.

ഷിഗെല്ല രോഗം വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത് അതീവ ജാഗ്രതയോടെയുള്ള നടപടികള്‍. വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രതിരോധ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടവരുടെ എണ്ണം 50 കവിഞ്ഞിട്ടുണ്ട്. നേരത്തെ ജില്ലയിലെ കോട്ടാംപറമ്ബില്‍ രോഗബാധിതനായ പതിനൊന്നുകാരന്‍ മരിച്ചിരുന്നു.

ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇന്നലെ കോട്ടാംപറമ്ബില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്ബും സംഘടിപ്പിച്ചിരുന്നു. മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തില്‍ കലരുന്നത്.അതിനാല്‍ വ്യക്തി ശുചിത്വം പ്രധാനമാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വേഗത്തില്‍ പടരും. ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്യത്തില്‍ രക്തം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.