Friday, May 3, 2024
keralaNews

ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു.

പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയോ ആണ് ഇരുവരും കേരളം വിട്ടത്. തമിഴ്നാട്ടിലാണ് ഉളളതെന്ന് ഇബ്രാഹിം ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സ്ഥിരീകരിച്ചു.സ്വപ്നയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കിയതിന് പിന്നാലെയാണ് ഇരുവരും തമിഴ്നാട്ടിലേക്ക് പോയത്. ഇവരെ മാറ്റി നിര്‍ത്തിയതാണെന്നും സംശയം ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണിലെ ഒരു വീഡിയോ വീണ്ടെടുക്കാന്‍ ഉണ്ടെന്നും അതിനാണ് തമിഴ്നാട്ടിലെത്തിയതെന്നുമാണ് ഇബ്രാഹിം പറയുന്നത്. വേറൊരാളെ കാണാന്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞു.

ഇന്നലെ ഷാജ് കിരണ്‍ സ്വാധീനിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും ശ്രമിക്കുന്നതിന്റെ ഓഡിയോ സ്വപ്ന പുറത്തുവിട്ടിരുന്നു. നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു ഓഡിയോയിലെ സംഭാഷണങ്ങള്‍. ഫോണില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് പുറത്തുവിട്ടത്.ഇതിന് പിന്നാലെ ഈ റെക്കോഡുകള്‍ എഡിറ്റ് ചെയ്തതാണെന്നും അല്ലാത്ത സംഭാഷണങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് നില്‍ക്കാതെയാണ് ഇരുവരും തമിഴ്നാട്ടിലേക്ക് പോയത്.അതേസമയം ഇരുവരുടെയും പെട്ടന്നുളള അപ്രത്യക്ഷമാകല്‍ സ്വര്‍ണക്കടത്ത് കേസിലെ ദുരൂഹത വീണ്ടും ശക്തമാക്കുകയാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന രാഷ്ട്രീയ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും വരെ ഇവരെ മാറ്റി നിര്‍ത്തിയതാണെന്നാണ് സംശയം. ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇവരെ സംസ്ഥാനം വിടാന്‍ അനുവദിച്ചതിലും വിമര്‍ശനം ഉയരുന്നുണ്ട്.സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവരുടെ ഫ്ളാറ്റിലും ഓഫീസിലുമൊക്കെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ അതിനിടെയാണ് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഷാജ് കിരണ്‍ ഒരു പരിശോധനയും കൂടാതെ സംസ്ഥാനം വിട്ടിരിക്കുന്നത്.