Monday, May 6, 2024
indiaNewsSports

ഇന്ത്യന്‍ ടീമില്‍ 17ാം വയസ്സില്‍ ; 35ാം വയസ്സില്‍ പാര്‍ഥിവ് പട്ടേല്‍ വിരമിച്ചു…

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥിവ് പട്ടേല്‍ സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 17ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി വിസ്മയിപ്പിച്ച പട്ടേല്‍, 35ാം വയസ്സിലാണ് കളമൊഴിയുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണെന്ന്, 18 വര്‍ഷം നീളുന്ന കരിയറിന് വിരാമമിട്ട് പാര്‍ഥിവ് പട്ടേല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും ഏതാനും ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.2002ല്‍, 17 വര്‍ഷവും 153 ദിവസവും പ്രായമുള്ളപ്പോഴാണ് പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇതോടെ പാര്‍ഥിവ് സ്വന്തമാക്കിയിരുന്നു. രാജ്യാന്തര കരിയറിന് മികച്ച തുടക്കമിടാന്‍ കഴിഞ്ഞെങ്കിലും, ദിനേഷ് കാര്‍ത്തിക്കിന്റെയും മഹേന്ദ്രസിങ് ധോണിയുടെയും വരവോടെയാണ് പാര്‍ഥിവ് മുഖ്യധാരയില്‍നിന്ന് പുറത്തായത്.രഞ്ജി ട്രോഫിയില്‍ കളിച്ചശേഷം ദേശീയ ടീമിലെത്തുന്നതാണ് പതിവെങ്കിലും, ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും പിന്നിട്ടപ്പോള്‍ മാത്രം രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ അപൂര്‍വ ചരിത്രവും പാര്‍ഥിവ് പട്ടേലിന് സ്വന്തം.