Friday, April 26, 2024
keralaNews

ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ 

തിരുവനന്തപുരം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു പോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള വിലക്ക് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇന്‍ഡിഗോ കമ്പനി ടിക്കറ്റ് നല്‍കുകയായിരുന്നെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു. ജൂണ്‍ 13ന് താനും ഭാര്യയും ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവ് രണ്ടു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്ക്കു വില പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം, കമ്പനിയുടെ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പു ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിര്‍ദേശം. അന്ന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകന്‍ വിശദാംശങ്ങള്‍ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരു തരത്തിലുമുള്ള വിവരവും കമ്പനിയില്‍നിന്ന് ലഭിച്ചില്ല. ഇന്ന് രാവിലെയാണ് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത കണ്ടത്. അപ്പോള്‍ തനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇവിടുത്തെ ഇന്‍ഡിഗോ കമ്പനിക്കു നിര്‍ദേശം അയച്ചു കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇന്‍ഡിഗോ കമ്പനി നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്.സെഡ് കാറ്റഗറിയുള്ള ആള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനല്‍ കേസിലെ പ്രതി അടക്കം 3 അംഗ സംഘം ടിക്കറ്റ് എടുത്ത് കയറി. ഈ മൂന്നു പേര്‍ക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ഇന്‍ഡിഗോയ്ക്കു പറ്റിയത്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഓഫിസില്‍നിന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ ടിക്കറ്റ് കൊടുക്കാതിരിക്കണമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയില്‍നിന്ന് താന്‍ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കില്‍ ഇന്‍ഡിഗോ കമ്പനിക്കു കളങ്കം ഉണ്ടായേനേ. ഇതു വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനല്ല ഇന്‍ഡിഗോയ്ക്കു താല്‍പര്യം. മാന്യമായി സര്‍വീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നുമില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.