Monday, April 29, 2024
keralaNews

ശിവശങ്കറിനെ പൂട്ടാന്‍ സ്വപ്നയുടെ മൊഴി …

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്വപ്നയെ താന്‍ പലപ്പോഴും പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നു മൊഴി നല്‍കിയ അതേ ശിവശങ്കര്‍ തന്നെ സ്വപ്നയുടെ പൊന്നും പണവും സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറെടുക്കാന്‍ നിര്‍ദേശിച്ചതാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്. തിരുവനന്തപുരത്തെ മറ്റു 2 ബാങ്കുകളില്‍ സ്വപ്നയുടെ പേരില്‍ ലോക്കറുള്ളപ്പോഴാണു വിശ്വസ്തനായ സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൂട്ടുടമസ്ഥതയില്‍ അവരുടെ പേരില്‍ പുതിയ ലോക്കര്‍ തുറപ്പിച്ചത്. പുതിയ ലോക്കര്‍ തുറന്നോയെന്ന ശിവശങ്കറിന്റെ സന്ദേശത്തിന് ‘ഇല്ലെന്നു’ മറുപടി അയച്ചപ്പോള്‍ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചതായും സ്വപ്ന മൊഴി നല്‍കി. ലോക്കറില്‍ വച്ചിരിക്കുന്ന പണത്തെ കുറിച്ചും പിന്‍വലിക്കുന്ന പണത്തെക്കുറിച്ചും അപ്പപ്പോള്‍ വിവരം നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചിരുന്നു.ഈ ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിനുമുള്ളതാണെന്ന സ്വപ്നയുടെ മൊഴിയും അതിനുള്ള തെളിവും കേസില്‍ അദ്ദേഹത്തിനു വിനയാകും. ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നു ശിവശങ്കര്‍ ഒഴിഞ്ഞുമാറിയിരുന്നു.സ്വപ്നയെ ജയിലില്‍ രണ്ടാമതും ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകളില്‍ ശിവശങ്കറിന്റെ നേതൃപരമായ പങ്കാളിത്തം പുറത്തുവന്നത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍ അറിയാമെന്നതില്‍ കവിഞ്ഞ്, കള്ളപ്പണം സ്വരൂപിക്കാനും അതു വെളുപ്പിക്കാനും ശിവശങ്കര്‍ കൂട്ടുനിന്നതായി ഇഡി കോടതിയെ അറിയിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവങ്കറിനെ മൂന്നാം പ്രതിയാക്കി ഇഡി അനുബന്ധ കുറ്റപത്രം നല്‍കും.