Saturday, May 4, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ;എരുമേലി ഇടത്താവളം പദ്ധതിയുടെ നിര്‍മ്മാണം നിലച്ചു.

എരുമേലി:എരുമേലി ഇടത്താവളം വികസന പദ്ധതിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ അന്ന് തന്നെ പണി നിലച്ചു.ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്ത് തീര്‍ഥാടകര്‍ക്കായി വിവിധ സൗകര്യങ്ങള്‍ ഒരുക്കി 14.75 കോടി രൂപയുടെ പദ്ധതി ഒരുക്കുന്നത്.കഴിഞ്ഞ ഏപ്രില്‍ 18 ന് ദേവസ്വം -പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത്.എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിയിരുന്നതായും ഉദ്ഘാടനം പേരിന് നടത്തുക മാത്രമാണ് ചെയ്തതെന്നും നാട്ടുകാര്‍ പറഞ്ഞു.പുറത്തുനിന്നും മറ്റാര്‍ക്കും പ്രവേശനമില്ലാത്ത രീതിയില്‍ പദ്ധതിയുടെ നിര്‍മാണ മേഖല ചുറ്റും
ഷീറ്റ് കൊണ്ടും കെട്ടി മറച്ചാണ് നിര്‍മ്മാണം നടക്കുന്നത്.പാര്‍ക്കിംഗ്,ഡോര്‍മെറ്ററി മുറികള്‍,ശൗചാലയം,ഹാള്‍,മെസ്,16 മുറികള്‍ തുടങ്ങിയവ
നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍, അടുത്ത ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ എട്ടുമാസം മാത്രം ശേഷിക്കെ എരുമേലിയില്‍ പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചത് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്.കിഫ് ബി യുടെ ധനസഹായത്തോടെ പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്.
എന്നാല്‍ മഴയും -അവധിയില്‍ പോയ നിര്‍മ്മാണ തൊഴിലാളികള്‍ വരാത്തതുമാണ് നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നതെന്നും അധികൃതര്‍ പറയുന്നു.നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ തറക്കല്ല് സ്ഥാപിക്കാവൂയെന്ന് ഇ. കെ നായനാര്‍ പറഞ്ഞുവെന്ന മുഖവുരയോടെയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ വികസന പദ്ധതിയുടെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്.എന്നാല്‍ അന്ന് തന്നെ പദ്ധതിയുടെ നിര്‍മ്മാണം നിലച്ചത് ദൗര്‍ഭാഗ്യകരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.എന്നാല്‍ വരുന്ന കാലവര്‍ഷത്തിലെ ശക്തമായ മഴയില്‍ നിര്‍മ്മാണം പ്രതിസന്ധി ആകുന്നതോടെ വരുന്ന ശബരിമല തീര്‍ത്ഥാടനം മുമ്പ് പദ്ധതി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.എന്നാല്‍ പദ്ധതിക്കെതിരെ ക്ഷേത്ര വിശ്വാസികള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.വിശ്വാസികളുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് പദ്ധതി തയ്യാറാക്കിയതെന്നും അന്നുതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റും,മെമ്പര്‍മാരും,എംഎല്‍എയും മറ്റു ജനപ്രതിനിധികളും അടക്കം പങ്കെടുത്ത പരിപാടിയുടെ നിര്‍മ്മാണമാണ് നിലച്ചിരിക്കുന്നത്. ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതോടെ ഈ ശബരിമല തീര്‍ത്ഥാടനത്തിലും ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കുക എന്ന് നാട്ടുകാര്‍ പറഞ്ഞു.അടിയന്തരമായി നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കണമെന്നും തീര്‍ത്ഥാടന മുമ്പ് പൂര്‍ത്തീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.