Saturday, April 20, 2024
indiakeralaNews

എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസേരയില്‍ നിന്നാണ് പടിയിറക്കം.മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തില്‍ കറുത്ത നിഴലായി മാറി സ്വര്‍ണക്കടത്ത് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു ആന എന്ന അനുഭവക്കുറിപ്പില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.നിലവില്‍ കായിക- യുവജനകാര്യം വകുപ്പ്് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ നല്‍കി. 1978ലെ എസ്.എസ്.എല്‍.സിക്ക് രണ്ടാം റാങ്കായിരുന്നു എം.ശിവശങ്കറിന്.ബി.ടെകിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ചിക്കുന്നത്. 2000ല്‍ ഐ എ എസ് ലഭിച്ചു. മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്തതോടെ 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലെത്തി. 2019ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം. മികച്ച ഉദ്യോഗസ്ഥനായി തിളങ്ങുമ്പോഴാണ് സ്വര്‍ണക്കടത്ത് ആരോപണം അദ്ദേഹത്തിന് മേല്‍ പതിക്കുന്നത്. അതിനു മുമ്പ് സ്പ്രിംക്ലര്‍, ലൈഫ് മിഷന്‍ ആരോപണങ്ങളുയര്‍ന്നു.