Sunday, April 28, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം ; എരുമേലി ആശുപത്രി: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും രക്ഷയില്ല

എരുമേലി ആശുപത്രി അപ്‌ഗ്രേഡ് ചെയ്യണം

ആശുപത്രിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണം

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രവും – മലയോര മേഖലയുമായ എരുമേലിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു . ശബരിമല പാതയായ എരുമേലി – കണമല അടക്കം വരുന്ന പാതകളില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരേയും – മറ്റ് രോഗബാധിതരേയും കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞിരപ്പള്ളി ,കോട്ടയം ആശുപത്രിയിലാണ് എത്തിക്കുന്നത് . ശബരിമല തീര്‍ത്ഥാടകര്‍ അടക്കം നാട്ടുകാര്‍ക്കും യഥാവിധി ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല പാതയിലെ കണമലയില്‍ നടന്ന വിവിധ വാഹനാപകടങ്ങളില്‍ 37 പേര്‍ മരിക്കുകയും , നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി മറ്റു ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. പരമ്പരാഗത കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് പാമ്പുകടിയേല്‍ക്കുമ്പോഴും – ഹൃദയാഘാതം അടക്കമുള്ള അടിയന്തരഘട്ടങ്ങള്‍ ഉണ്ടാകുമ്പോഴും കിലോമീറ്റര്‍ സഞ്ചരിച്ചാണ് അവരെ ആശുപത്രികളില്‍ എത്തിക്കുന്നതെന്നും ഇതും അപകടകരമാണെന്നും നാട്ടുകാര്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ ബിനു നിരപ്പേല്‍ ഇത് സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സ്‌പെഷ്യലിറ്റി ആയി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബിനു പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരുടെയും ആയിരക്കണക്കിന് പൊതുജനങ്ങളുടെയും ഏക ആശ്രയമായ എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രി അപ്‌ഗ്രേഡ് ചെയ്ത് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.