Monday, April 29, 2024
keralaNews

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും.ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നിപകരും. ക്ഷേത്ര പൂജകള്‍ക്ക് ശേഷം അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി ലഭിക്കും. ആഗസ്റ്റ് 17 മുതല്‍ 21 വരെയാണ് പ്രത്യേക പൂജകള്‍ക്കായി ക്ഷേത്രം തുറക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചിങ്ങം ഒന്നിന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. ശേഷം അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതിഹോമവും മറ്റ്പൂജകളും നടക്കും.ചിങ്ങമാസത്തിലെ ക്ഷേത്ര പൂജാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഓണത്തിന്റെ പൂജകള്‍ക്കായി സെപ്തംബര്‍ 6 ന് വൈകിട്ട് വീണ്ടും നടതുറക്കും.