Monday, May 6, 2024
keralaNewsUncategorized

ശബരിമല ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

പത്തനംതിട്ട: ശബരിമല ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. എട്ടിന് രാവിലെ 10.30നും 11.30നും മദ്ധ്യേയായിരുന്നു ഭഗവാന്റെ തൃക്കൊടിയേറി.                              തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേല്‍, പി എം തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി എസ് പ്രകാശ് തുടങ്ങിയവര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. പത്ത് ദിവസം നീളുന്ന ഉത്സവത്തിനാണ് കൊടിയേറിയത്. ഇന്ന് പ്രത്യേക പൂജകളില്ലാത്തതിനാല്‍ ബിംബ ശുദ്ധിക്രിയകള്‍ക്ക് ശേഷം ഹരിവരാസനം പാടി നടയടയ്ക്കും. നാളെ ഉത്സവബലി നടക്കും. ഉത്സവനാളുകളില്‍ ദിവസവും ഉച്ചയ്ക്ക് 12.30                            മുതല്‍ 1.30 വരെ ഉത്സവബലി ദര്‍ശനം, രാത്രി 9ന് ശ്രീഭൂതബലി എന്നിവയുണ്ടാകും. 13 മുതല്‍ 17 വരെ രാത്രി ശ്രീഭൂതബലിയ്ക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ്. 17ന് രാത്രിയാണ് ശരംകുത്തിയിലെ പള്ളിവേട്ട. 18ന് ഉച്ചയ്ക്ക് പമ്പയിലാണ് ഭഗവാന്റെ ആറാട്ട്. ഉത്സവവും മീനമാസ പൂജയും ഇക്കുറി ഒരുമിച്ചാണ് വരുന്നത്. മീനമാസ പൂജ 14 മുതല്‍ 19 വരെയാണ്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. കൊല്ലം ശക്തികുളങ്ങര

ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമര്‍പ്പണവും ഇന്നലെ നടന്നു. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തര്‍ക്ക് അവസരം നല്‍കും. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.