Monday, May 13, 2024
keralaNews

 പിതൃത്വം സംബന്ധിച്ച് വാക്ക് തര്‍ക്കം : കുഞ്ഞ് മരിച്ചത് ശ്വാസകോശത്തില്‍ വെള്ളം കയറി

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി.സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്‌സിയുടേയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ പിതാവിന്റെ മാതാവായ സിക്‌സി നാല് വയസ്സുള്ള ആണ്‍കുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെണ്‍കുഞ്ഞിനുമൊപ്പം ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് സ്ത്രീ പെണ്‍കുഞ്ഞുമായി എത്തി. കുട്ടി ഛര്‍ദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോള്‍ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആണ്‍കുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു.

തുടര്‍ന്ന് സ്ത്രീ കുഞ്ഞുങ്ങളേയും കൊണ്ട് കലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് ഛര്‍ദ്ദിച്ച് അവശനിലയിലായെന്നാണ് സ്ത്രീ ഡോക്ടര്‍മാരോട് പറഞ്ഞതെങ്കിലും പരിശോധനയില്‍ കുട്ടി മുങ്ങിമരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി. ഇതോടെ ആശുപത്രി അധികൃതര്‍ കൊച്ചി നോര്‍ത്ത് പൊലീസില്‍ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് യുവാവിന്റേയും സ്ത്രീയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് വ്യക്തമായത്. രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിച്ച ഹോട്ടലില്‍ എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരും മുറയില്‍ എത്തി പരിശോധന നടത്തി. ഉച്ചയോടെ യുവാവിനേയും സ്ത്രീയേയു ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവ് വിദേശത്താണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.ഹോട്ടല്‍ മുറിയില്‍ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ ഹോട്ടല്‍ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് ബിനോയ് ഡിക്രൂസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ താന്‍ പുറത്തു പോയ സമയത്താണ് യുവാവ് പെണ്‍കുഞ്ഞിനെ മുക്കി കൊന്നതെന്നാണ് സ്ത്രീയുടെ മൊഴി.

കുട്ടികളുടെ ബന്ധുക്കളുമായെല്ലാം പൊലീസ് ബന്ധപ്പെടുന്നുണ്ട്. വിദേശത്തുള്ള കുഞ്ഞിന്റെ മാതാവിനെ മരണവിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഒരു വാഹനാപകടത്തെതുടര്‍ന്ന് ഒരു വര്‍ഷമായി ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് വിവരം. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കുട്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ കൊച്ചിയിലെ പള്ളിയില്‍ നടക്കും.ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും സംരക്ഷണം നല്‍കാന്‍ ബന്ധുക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നാല് വയസ്ലുള്ള ആണ്കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും എറണാകുളം ശിശുക്ഷേസമിതി അധ്യക്ഷന്‍ പറഞ്ഞു. കേസില്‍ പ്രതിയായ ബിനോയ് ഡിക്രൂസ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.