Monday, May 6, 2024
keralaNews

ശബരിമല അയ്യപ്പഭക്തരുടെ പരമ്പരാഗത കാനനപാത തുറന്നു കൊടുക്കണം ; മലയരയ മഹാസഭ .

ശബരിമല തീർത്ഥാടനത്തിന്റെ ആചാരാനുഷ്ഠാന ഐതിഹ്യവുമായി ബന്ധപ്പെട്ട വലിയ പ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രമാണ് എരുമേലി.എരുമേലി മുതൽ  പേരുർത്തോട്,ഇരുമ്പൂന്നിക്കര,കാളകെട്ടി,കല്ലിടാംകുന്ന്,കരിമല വഴിയുള്ള പരമ്പരാഗത കാനനപാത ശബരിമല അയ്യപ്പ ഭക്തർക്കായി തുറന്നു കൊടുക്കണമെന്ന് അഖില തിരുവിതാംകൂർ മലയരയ  മഹാസഭ ആവശ്യപ്പെട്ടു.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാരും – ദേവസ്വം ബോർഡും നിരവധി ഇളവുകൾ നൽകിയെങ്കിലും കോമഡ മാനദണ്ഡങ്ങളുടെ പേരിൽ രണ്ടുവർഷംമുമ്പ് അടച്ചിട്ട പരമ്പരാഗത കാനനപാത തുറക്കാതെ  ഗുരുതരമായ നിസ്സംഗത തുടരുകയാണെന്നും ഇവർ പറഞ്ഞു. കാനനപാത തുറക്കാത്തതുമൂലം  നൂറ്റാണ്ടുകളായി ആചരിച്ചു പോരുന്ന ആചാര അനുഷ്ഠാനങ്ങൾ പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും  ഇതിന് പിന്നിൽ  ഗൂഢാലോചനയാണെന്നും നേതാക്കൾ ആരോപിച്ചു. കാനന പാത  തുറക്കാത്തതിന് പിന്നിൽ തങ്ങളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും  നേതാക്കൾ ആരോപിച്ചു.എന്തുകൊണ്ടാണ് കാനനപാത തുറക്കാത്തതെന്ന് സർക്കാർ പറയുന്നില്ല.വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടുന്നത്.  മുൻകാലങ്ങളിൽ ചെയ്ത പോലെ പകൽസമയത്ത് തീർത്ഥാടകരെ  കടത്തിവിടാനുള്ള നടപടിയെങ്കിലും അധികൃതർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പരമ്പരാഗത കാനനപാതയിലെ വന്യമൃഗങ്ങളുടെ ശല്യമാണ് അധികൃതർ പറയുന്നതെങ്കിൽ  ശബരിമല അയ്യപ്പ ഭക്തർക്ക് വന്യമൃഗങ്ങളുടെ ശല്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടാൻ സർക്കാരിനും ,ദേവസ്വം ബോർഡിനും, വനംവകുപ്പിനും ബാധ്യതയുണ്ട്.എന്നാൽ ഈ തീർത്ഥാടന കാലത്തുതന്നെ പരമ്പരാഗത കാനന പാത തുറന്നു നൽകിയില്ലെങ്കിൽ വിശ്വാസികൾക്കൊപ്പം നിന്നുകൊണ്ട് പാത വെട്ടിത്തെളിച്ച യാത്ര ചെയ്യുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.സർക്കാർ അടക്കമുള്ള ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.ഒരാഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.എരുമേലി മീഡിയ സെൻറർ നടന്ന പത്രസമ്മേളനത്തിൽ അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ്  സി പി കൃഷ്ണൻ, ജനറൽ സെക്രട്ടറി വി പി  ബാബു കോസടി, ബോർഡ് അംഗങ്ങളായ രാജൻ അറക്കുളം, കെഎസ് സുബിൻ,യുവജന അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  നിഖിൽ ദാസ് എന്നിവർ പങ്കെടുത്തു.