Friday, May 17, 2024
keralaNews

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ആലോചന

ശബരിമലയില്‍ ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ഭക്തരാണ് ഇന്ന് രാവിലെ മുതല്‍ ദര്‍ശനത്തിനെത്തിയത്. ആകെ 14,500 പേരാണ് വെര്‍ച്വല്‍ ക്യുവില്‍ ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. മഴ കടുത്തതോടെ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്യാതിരുന്നാല്‍ പ്രതിദിനം അന്‍പതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.

ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പമാണ് സര്‍ക്കാരും. നിലവില്‍ ബുക്ക് ചെയ്ത എത്ര പേര്‍ ദര്‍ശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബര്‍ ഒന്ന് മുതല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്തരുടെ എണ്ണം കൂട്ടിയാല്‍ നീലിമല പാത കൂടി തുറന്ന് നല്‍കിയേക്കും.നിലയ്ക്കലിലെ അസൗകര്യങ്ങള്‍ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. കുടുതല്‍ ശുചിമുറികള്‍ ഏര്‍പ്പെടുത്തും. കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായി. നിലയ്ക്കലില്‍ സൗജന്യഭരക്ഷണവിതരണം തുടങ്ങി. രണ്ട് ദിവസത്തിനകം കടകള്‍ തുറക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തിര്‍ത്ഥാടനകാലം തുടങ്ങിയിട്ടും നിലയ്ക്കലില്‍ സൗകര്യങ്ങളൊന്നുമില്ല. നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ ശുചിമുറികളില്ല, ഉള്ളതിനാവട്ടെ വൃത്തിയുമില്ല. ഇതേ തുടര്‍ന്ന് വിഷയത്തില്‍ ദേവസ്വം മന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. കുടിവെള്ളത്തിന് 40 ലക്ഷം ലിറ്റര്‍ വെള്ളം നിലയ്ക്കലിലൊരുക്കിയെന്ന് ദേവസ്വംമന്ത്രി പറഞ്ഞു. ശുചിമുറകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകും.അപ്രതീക്ഷിതമായ മഴയും വെള്ളപ്പൊക്കവുണ് ഒരുക്കങ്ങള്‍ വൈകാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. വാടകയ്ക്ക് എടുക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനാലാണ് ഹോട്ടലുകള്‍ തുടങ്ങാന്‍ കഴിയാത്തതെന്നും ഇതിനും രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.