Saturday, May 4, 2024
keralaNews

വിവാദങ്ങള്‍ക്ക് ഒടുവില്‍ നടന്‍ വിനോദ് കോവൂര്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി

വിവാദങ്ങള്‍ക്ക് ഒടുവില്‍ നടന്‍ വിനോദ് കോവൂര്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ എളുപ്പവഴി കണ്ടെത്തിയ ഡ്രൈവിങ് സ്‌കൂള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ തിരിമറി നടത്തിയോടെ വിനോദ് കോവൂരും വെട്ടിലാവുകയായിരുന്നു. ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം വാഹനമോടിക്കാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് അദ്ദേഹം.

ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചതിന്റെ ആശങ്കയൊന്നുമില്ലാതെ നടന്‍ വിനോദ് കോവൂര്‍ ഡ്രൈവിങ് ടെസ്റ്റിനെത്തി. പ്രിഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സിനെ ഓര്‍മ്മിപ്പിക്കും വിധമുള്ള രംഗങ്ങള്‍. ലൈസന്‍സ് പുതുക്കി നല്‍കാന്‍ സമീപിച്ച ഡ്രൈവിങ് സ്‌കൂള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പാസ് വേഡ് കൈക്കലാക്കി എളുപ്പഴിയില്‍ കാര്യം നടത്തി. പൊലീസുകാരില്‍ നിന്നാണ് തിരിമറിയുടെ കാര്യം അറിഞ്ഞതെന്ന് വിനോദ് കോവൂര്‍. കേസിലും നിയമക്കുരുക്കിലുംപെട്ട് ഒന്‍പത് മാസമായി ലൈസന്‍സ് എടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അതിനും ഉത്തരമായി. ലൈസന്‍സിന്റെ കാര്യത്തില്‍ തീരുമാനമായെങ്കിലും പൊലീസ് കേസ് അവസാനിച്ചിട്ടില്ല. നല്ലൊരു ക്ലൈമാക്‌സ് അതിനും ഉണ്ടാകുമെന്നാണ് വിനോദ് കോവൂരിന്റെ പ്രതീക്ഷ.