Monday, May 20, 2024
indiaNews

സുരക്ഷാ സമിതിയില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ.

ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും അവിഭാജ്യ ഘടകമാണെന്നും പാക് അധിനിവേശ കശ്മീരില്‍ നിന്നടക്കം പാകിസ്ഥാന്‍ പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി.യുഎന്‍ രക്ഷാ സമിതിയില്‍ അന്താരാഷ്ട്ര സമാധാനത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് പാകിസ്ഥാന് ശക്തമായ സന്ദേശം ഇന്ത്യ നല്‍കിയത്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണം. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും യുഎന്‍ സുരക്ഷ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ഭീകരര്‍ക്ക് ആതിഥേയത്വം നല്‍കുകയും ചെയ്യുന്നു എന്നും ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സഭ നല്‍കുന്ന വേദികള്‍ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും കാജല്‍ ഭട്ട് കൂട്ടി ചേര്‍ത്തു.അതേ സമയം കശ്മീരിലേക്കും, ഇന്ത്യ പാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യരുതന്നൊണ് അമേരിക്ക പൗരന്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. തിങ്കളാഴ്ചയാണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് അഡൈ്വസറിയില്‍ പറയുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായും വിദേശ സഞ്ചാരികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഉള്ളതായും മുന്നറിയിപ്പ് ലഭിച്ചു എന്നും അമേരിക്ക പൗരന്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.