Monday, April 29, 2024
keralaNews

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉല്‍സവത്തിന് തുടക്കം

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉല്‍സവത്തിന് തുടക്കമായി. 27നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണയും ഉല്‍സവ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് ചൊവ്വാഴ്ചയാണ് കൊടികയറിയത്.ഏഴാം ഉല്‍സവ ദിനത്തില്‍ രാത്രിയാണ് പ്രധാന ചടങ്ങുകളിലൊന്നായ ഋഷഭ വാഹന എഴുന്നള്ളിപ്പ്. 27നാണ് വൈക്കത്തഷ്ടമി. അന്ന് പുലര്‍ച്ചെയാണ് അഷ്ടമി ദര്‍ശനം. വെര്‍ച്ച്വല്‍ ക്യൂ ഒഴിവാക്കി ബാരിക്കേഡിലൂടെയാണ് ഇത്തവണ ഭക്തര്‍ക്ക് പ്രവേശനം. ഒരേ സമയം 200 പേര്‍ക്ക് മാത്രമാണ് മതില്‍ കെട്ടിനുള്ളിലേക്ക് പ്രവേശനം. ക്ഷേത്രാങ്കണത്തില്‍ തങ്ങാന്‍ ഭക്തര്‍ക്ക് അനുവാദമില്ല.കലാപരിപാടികളും വഴിയോര കച്ചവടവും ഒഴിവാക്കിയാണ് ഉല്‍സവ നടത്തിപ്പിന് സര്‍ക്കാര്‍ അനുവാദം. അഷ്ടമിപ്രാതല്‍ നടത്തിപ്പിനും എഴുന്നള്ളിപ്പ് ആനകള്‍ക്കും നിയന്ത്രണമുണ്ട്. 13ലേറെ ആനകളുടെ അകമ്പടിയില്‍ ഒന്‍പത് ദേവീദേവന്‍മാരുടെ എഴുന്നള്ളത്താണ് അഷ്ടമിദിനത്തില്‍ രാത്രിയിലെ ചടങ്ങ്. ദേവസ്വം ആവശ്യപ്പെട്ടാല്‍ 5 ആനകളെ എഴുന്നള്ളിക്കാനാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ സഹകരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആവശ്യം.