Monday, May 6, 2024
keralaNews

കൊലപാതക,തട്ടിപ്പ് കേസുകളിലെ വനിതാ തടവുകാര്‍ ഇപ്പോള്‍ നല്ലകുട്ടികള്‍.

കേരളത്തെ ഞെട്ടിച്ച കൊലപാതക/തട്ടിപ്പ് കേസുകളിലെ വനിതാ തടവുകാര്‍ ഇപ്പോള്‍ നല്ലകുട്ടികളാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച, സി പി എമ്മിനെ വെള്ളം കുടിപ്പിച്ച സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോള്‍ ജയിലിനകത്ത് യോഗ പഠിക്കുന്ന തിരക്കിലാണ്. യോഗ കഴിഞ്ഞാല്‍ സ്വപ്‌ന പിന്നെ ചെയ്യുന്നത് പുസ്തകം വായനയാണ്. അധികം ആരോടും സംസാരിക്കാതെ പുസ്തകം വായനയുമായി സമയം കളയുകയാണ് സ്വപ്ന.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥ അനുശാന്തി കുട്ടികള്‍ക്കു കളിക്കാന്‍ പാവകള്‍ ഉണ്ടാക്കുന്നു. ഒപ്പം കുഞ്ഞുടുപ്പുകള്‍ തയ്ക്കുന്നു. കാമുകനൊപ്പം പോകുന്നതിനായി സ്വന്തം മകളെ അടക്കം കൊല ചെയ്യാന്‍ കൂട്ടുനിന്ന അനുശാന്തി ജയിലില്‍ നല്ല ഉത്സാഹത്തിലാണ്. അന്തേവാസികള്‍ക്കു കംപ്യൂട്ടര്‍ പരിശീലനം നല്‍കാനും അനുശാന്തി മുന്നില്‍ തന്നെയുണ്ട്.

സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിസ്റ്റര്‍ സെഫി മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. കൂടുതല്‍ സമയവും കണ്ണടച്ചിരുന്ന് പ്രാര്‍ഥനയിലാണ്. ജയിലിലെ യൂണിഫോം ആയ വെള്ളസാരിയിലാണു സിസ്റ്റര്‍ സെഫി. സഭാ വസ്ത്രങ്ങള്‍ ഒന്നും ഇവിടെ അനുവദനീയമല്ല. ജയിലിനകത്ത് പ്രവേശിച്ചത് മുതല്‍ ആരോടും സംസാരിക്കാതെ ശോകമായിട്ടായിരുന്നു ഇരുന്നിരുന്നത്. സഹതടവുകാരോടൊന്നും മിണ്ടാറില്ല. തയ്യല്‍, ശുചീകരണ ജോലികളാണു ചെയ്യുന്നത്. നിലവില്‍ ഇവര്‍ പരോളിലാണ്.