Monday, May 6, 2024
keralaNews

വിസ്മയ കേസില്‍ കിരണിന് ഇന്ന് ശിക്ഷാ വിധി

കൊല്ലം :നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് എസ്. കിരണ്‍കുമാറിനുള്ള ശിക്ഷ ഇന്ന് വിധിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് വിധിച്ചത്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം പ്രതി ചെയ്തിട്ടുണ്ടെന്നു കോടതി കണ്ടെത്തി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ജീവപര്യന്തത്തിനു വേണ്ടി പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍ ശിക്ഷ പരമാവധി കുറയ്ക്കാനാവും പ്രതിഭാഗം വാദിക്കുക. ഉച്ചയോടെ ശിക്ഷ അറിയാം. ശിക്ഷയില്‍ മേലുള്ള വാദം രാവിലെ 11 മണിക്ക് ആരംഭിക്കും. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുന്ന കിരണ്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കും. എന്തെങ്കിലും പറയാനുണ്ടോയെന്നു കിരണ്‍കുമാറിനോട് കോടതി ചോദിക്കും, ഉച്ചയോടെയോ ഉച്ചക്ക് ശേഷമോ വിധി പ്രഖ്യാപനം ഉണ്ടാകും.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്ത്യം നല്‍കണമെന്നാകും പ്രോസിക്യൂട്ടന്‍ വാദിക്കുക. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.

ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. ശിക്ഷാ വിധി സമൂഹത്തിനുള്ള സന്ദേശമാകും. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങള്‍ മനസില്‍ നിന്നും മായുന്നില്ലെന്നും ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ കേള്‍പ്പിച്ചപ്പോള്‍ വിസ്മയയുടെ മാതാപിതാക്കള്‍ വിങ്ങിപ്പൊട്ടിയെന്നും ജി.മോഹന്‍രാജ് പറഞ്ഞു.കേസില്‍ അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി പി.രാജ്കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍ രേഖകള്‍ കേസ് തെളിയിക്കുന്നതിന് ഏറെ നിര്‍ണായകമായി. കിരണ്‍കുമാറിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും പി. രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.