Tuesday, May 21, 2024
keralaNewspolitics

സമുദായത്തെ അധിക്ഷേപിച്ച സംഭവം; എംഎം മണിക്കെതിരെ പരാതി നല്‍കി

ഇടുക്കി: മുതുവാന്‍ സമുദായത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി എംഎം മണിക്കെതിരെ സിപിഎമ്മിലെ മുതുവാന്‍ സമുദായ അംഗങ്ങള്‍ പരാതി നല്‍കി. പാര്‍ട്ടിയുടെ പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരാണ് എംഎം മണിക്കെതിരെ പരാതി നല്‍കിയത്.

അടിമാലിയില്‍ വെച്ച് നടക്കുന്ന ആദിവാസി ക്ഷേമസമിതി (എ.കെ) സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും സംഘടന വ്യക്തമാക്കി.

ശാന്തന്‍പാറ ഏരിയ കമ്മിറ്റിക്കാണ് സംഘടന പരാതി കൈമാറിയത്. മുതുവാന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും പരാതിയില്‍ സംഘടന വ്യക്തമാക്കുന്നു. ആദിവാസി ക്ഷേമസമിതിയിലെ മുതുവാന്‍ സമുദായ അംഗങ്ങളാണ് പരാതി പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു മുന്‍ മന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ എംഎം മണി മുതുവാന്‍ സമുദായത്തെ അധിക്ഷേപിച്ച് പരാമര്‍ശിച്ചത്.

ഇടമലക്കുടിയിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തത് മുന്‍ മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം എന്താണെന്ന മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശം. ഒരു ബോധവുമില്ലാത്തവരായത് കൊണ്ടാണ് അവിടെ ബിജെപി ജയിച്ചത്.

അവിടെയുള്ളവര്‍ മൊത്തം മുതുവാന്മാരാണെന്നും മണി പറഞ്ഞു. സാമുദായിക അധിക്ഷേപം നടത്തിയ എംഎം മണി ഇതോടെ വീണ്ടും വിവാദത്തിലാകുകയായിരുന്നു.