Wednesday, May 8, 2024
keralaNewspolitics

വിവാദ വിഷയങ്ങള്‍ക്കിടെ ഇന്ന് മുതല്‍ നിയമസഭാ സമ്മേളനം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം. കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നീ രണ്ട് ബില്ലുകള്‍ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് അജണ്ടയിലുണ്ട്.                               

മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ മന്ത്രിയുമായ കെ.ശങ്കരനാരായണന്‍ ഉള്‍പ്പെടെ സമീപകാലത്ത് അന്തരിച്ച മുന്‍ സാമാജികര്‍ക്ക് ആദ്യദിനത്തില്‍ ചരമോപചാരം അര്‍പ്പിക്കും.

ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ നാളെ മുതലാണ്. അടുത്ത മാസം 27 വരെ 23 ദിവസങ്ങളാണ് സഭ സമ്മേളിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ തകര്‍ത്തതും, സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ പ്രതിപക്ഷം ചര്‍ച്ച ആക്കും.

രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം.നിയമസഭയിലേക്ക് സന്ദര്‍ശകര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പ്രവേശനവും കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും. അനിത പുല്ലയില്‍ അതിക്രമിച്ച് കേറിയതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് നടപടി.