Saturday, May 4, 2024
indiaNewsSports

ആദ്യ ട്വന്റി20 മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ.

ആദ്യ ട്വന്റി20 മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ദീപക് ഹൂഡ(29 പന്തില്‍ 47), ഇഷന്‍ കിഷന്‍ (11 പന്തില്‍ 26), ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 24) എന്നിവരുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. മഴകാരണം വൈകി തുടങ്ങിയ മത്സരം 12 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ അയര്‍ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് പൊരുതാവുന്ന സ്‌കോര്‍ നേടി. 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. 33 പന്തില്‍ 64 റണ്‍സെടുത്ത ഹാരി ടെക്ടറിന്റെ മികവിലാണ് അയര്‍ലന്‍ഡ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ആറ് ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു ടെക്ടറിന്റെ ഇന്നിങ്‌സ്. 18(16 പന്തില്‍) ലോര്‍ക്കാന്‍ ടക്കറാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഉമ്രാന്‍ മാലിക് ഓരോവറില്‍ 14 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും തിരിച്ചടിച്ചു. ഇഷന്‍ കിഷനായിരുന്നു കൂടുതല്‍ അപകടകാരി. ദീപക് ഹൂഡയെ സാക്ഷിയാക്കി ഇഷന്‍ സ്‌കോറുയര്‍ത്തി. 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം മുന്നേറിയ ഇഷനെ ക്രെയ്ഗ് യങ് മടക്കി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ എല്‍ബിയായി മടങ്ങിയപ്പോള്‍ ഇന്ത്യ പതറി. എന്നാല്‍ ഹൂഡക്കൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ പാണ്ഡ്യ അവസരോചിതമായി ബാറ്റ് വീശി. ഏഴാമത്തെ ഓവറിലെ അവസാന പന്തില്‍ പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യ സുരക്ഷിതമായ നിലയിലായിരുന്നു. ഒടുവില്‍ 16 പന്ത് ബാക്കിയാക്കി ഇന്ത്യ ജയിച്ചുകയറി. ദിനേഷ് കാര്‍ത്തിക് അഞ്ച് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.