Monday, April 29, 2024
indiakeralaNewspolitics

വിവാദ മരം മുറി ;തമിഴ്‌നാട് സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാറിലെ വിവാദമരംമുറി ഉത്തരവ് സുപ്രീംകോടതിയില്‍ ഉയര്‍ത്താന്‍ തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം നിരന്തരം തടസ്സം നില്‍ക്കുകയാണെന്നാണ് തമിഴ്‌നാട് ആരോപിക്കുന്നത്. മേല്‍നോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നല്‍കുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്‌നാട് സുപ്രീംകോടതിയില്‍ ആരോപിക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ ഇന്ന് കോടതി തീരുമാനം എടുത്തേക്കും.

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങള്‍ മുറിയ്ക്കാന്‍ ആദ്യം അനുമതി നല്‍കിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയെന്നും കേരളം നല്‍കിയ സത്യവാങ്മൂലത്തിന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളുടെ പകര്‍പ്പും തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കി.മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്‌നാട് നല്‍കിയ മറുപടിയില്‍ ആരോപിക്കുന്നുണ്ട്. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിന്റെ ജോയന്റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും മറുപടിക്കൊപ്പം തമിഴ്‌നാട് ഹാജരാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ മരംമുറിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി മരംമുറിക്ക് അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തില്‍ തീരുമാനിച്ചുവെന്ന് സര്‍ക്കാരിന്റെ തന്നെ നോട്ട് പുറത്തുവന്നിരുന്നു. ഈ നോട്ട് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതാണ്. മുല്ലപ്പെരിയാറിലെ മരം മുറി തീരുമാനം അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന സംസ്ഥാന സര്‍ക്കാരിന് ഈ നോട്ട് പുറത്തുവന്നത് വന്‍ തിരിച്ചടിയായിരുന്നു. രം മുറിക്ക് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വനം വകുപ്പ് മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഒക്ടോബര്‍ 27ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ നോട്ടില്‍ മരം മുറി അനുമതിയെ കുറിച്ചാണ് പറയുന്നത്.

ബേബിഡാമിന്റെ ബലപ്പെടുത്തലിനെക്കുറിച്ചും അതിനായി മരങ്ങള്‍ മുറിക്കുന്നതിനെക്കുറിച്ചുമാണ് പുറത്തുവന്ന നോട്ടിന്റെ നാലാമത്തെ പേജില്‍ ആറാമത്തെ വിഷയമായി പറയുന്നത്. തമിഴ്‌നാടിന്റെ മരംമുറി ആവശ്യങ്ങള്‍ സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ അംഗീകരിച്ചുവെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. മരംമുറിക്കുള്ള അനുമതിക്കായി തമിഴ്‌നാടിനോട് നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കിയില്ല എന്നുകൂടി കേരളം പറയുന്നുണ്ട്. പിന്നീട് നവംബര്‍ 6 നാണ് മരംമുറിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്.

അടിമുടി ദുരൂഹത ബാക്കിനില്‍ക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ മരം മുറി ഉത്തരവ് മരവിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വന്‍പ്രതിഷേധവും ഉയര്‍ന്നതോടെയാണ് തിരുത്ത്. മുഖ്യമന്ത്രി തന്നെയാണ് വനംമന്ത്രിയോട് ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.