Friday, March 29, 2024
indiakeralaNewspolitics

ഇടുക്കി ഡാം ഉടന്‍ തുറക്കില്ല കെഎസ്ഇബി

മഴ കുറഞ്ഞതിനാല്‍ ഇടുക്കി ഡാം ഉടന്‍ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇപ്പോള്‍ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ഇനി മഴ പെയ്താല്‍ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. മഴ കുറഞ്ഞതിനാല്‍ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ തമിഴ്‌നാട് തീരത്തുള്ള ന്യൂനമര്‍ദ്ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. കേരളാ തീരത്ത് 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.