Friday, May 10, 2024
keralaNewspolitics

വിവാദ ഫേസ്ബുക്ക് പോസ്റ്റ് :സി.പി.ഐ എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തൃശൂര്‍ : രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.ഐ നടപടികളിലേക്ക്. തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തണമെന്നാണ് നിര്‍ദേശം. രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്മേലാണ് പി.ബാലചന്ദ്രന്‍ എം.എല്‍.എയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ സിപിഐ ആവശ്യപ്പെട്ടത്. വിഷയം ചര്‍ച്ച ചെയ്യാനാണ് 31ന് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചത്. ഈ വിഷയം മാത്രമാണ് യോഗത്തിലെ അജണ്ട. എം.എല്‍.എയോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് കത്ത് നല്‍കിയത്. വിശദീകരണം എഴുതി നല്‍കേണ്ടെന്നും നേരിട്ടെത്തി നല്‍കാനുമാണ് കത്തിലെ നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ വിവാദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൂലമാക്കിയെന്ന കടുത്ത വിമര്‍ശനത്തിലാണ് സി.പി.എം – സി.പി.ഐ നേതാക്കള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തര യോഗം. അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ചടങ്ങ് നടക്കുന്നതിനിടെയാണ് തൃശൂര്‍ എം എല്‍ എയുടെ രാമനെക്കുറിച്ച് വിവാദമായ പോസ്റ്റ് ചെയ്തത്.എം എല്‍ എയുടെ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ മാപ്പ് പറഞ്ഞിരുന്നു.