Monday, May 13, 2024
indiaNewsworld

പുടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും; ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ല


ന്യൂഡല്‍ഹി : യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.     
ഇതിനോടകം തന്നെ 4000 ഇന്ത്യക്കാരെ യുക്രെയ്നില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് 980 ഫോണ്‍ കോളുകളും, 850 ഇ- മെയിലുകളും വന്നു. യുക്രെയ്നിലുണ്ടാകുന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ത്യക്കാരുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഒരു മാസം മുന്‍പുതന്നെ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രകാരം 20,000 ഇന്ത്യക്കാരാണ് യുക്രെയ്നില്‍ ഉള്ളത്.

യുക്രെയ്നിലെ ഇന്ത്യന്‍ എംബസി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുവരികയാണ്. സാഹചര്യത്തിനനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി കൂടുതല്‍ ഉപദേഷ്ടാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വകലാശാലകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ശൃംഗ്ല വ്യക്തമാക്കി.        നിലവിലെ സാഹചര്യം വളരെ സങ്കീര്‍ണമാണ്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ എല്ലാ സര്‍വ്വകലാശാലകളോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്നിലെ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായതെല്ലാം വിദേശകാര്യമന്ത്രാലയം ചെയ്യുന്നുണ്ട്. കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ പോളണ്ട്, റൊമാനിയ, സ്ലോവാക്കിയ, ഹംഗറി, എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന റിപ്പോര്‍ട്ടും അദ്ദേഹം സ്ഥിരീകരിച്ചു.                                                                            യുക്രെയ്നിലെ നിലവിലെ സാഹചര്യത്തിന് അനുസരിച്ചാകും പ്രധാനമന്ത്രിയും പുടിനും തമ്മിലുള്ള സംഭാഷണം. അതിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കുക എളുപ്പമല്ല. എല്ലാ മുന്‍കരുതല്‍ നടപടികളോടും കൂടിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. കീവില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള പാതയുള്‍പ്പെടെ തീരുമാനിച്ചു. യുക്രെയ്നിലെ പ്രതിരോധമന്ത്രാലയവുമായി അടിക്കടി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കാരെ വ്യോമമാര്‍ഗ്ഗം രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാദ്ധ്യമാണോയെന്നാണ് പരിശോധിക്കുന്നത്.                                                              റഷ്യയ്ക്കെതിരെ ബ്രിട്ടണ്‍, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ഇന്ത്യയുടെ താത്പര്യത്തെ എങ്ങിനെയെല്ലാം ഈ തീരുമാനം ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.