Sunday, May 12, 2024
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ആയിരത്തോളം ഏത്ത വാഴകള്‍ നശിപ്പിച്ചു

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡായ ഇരുമ്പൂന്നിക്കരയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ആയിരത്തോളം ഏത്ത വാഴകള്‍ നശിപ്പിച്ചു . പാക്കാനം സ്വദേശി പുല്‍ത്തിട്ട വീട്ടില്‍ മറിയാമ്മ, കാരിശ്ശേരി സ്വദേശി പടിഞ്ഞാറേപറമ്പില്‍ ബൈജു , മഞ്ഞളരുവി സ്വദേശി പൂവത്തുങ്കല്‍ രാജു എന്നിവര്‍ പാട്ടത്തിന് സ്ഥലം എടുത്തു നടത്തിയ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത് . ഇന്നലെ രാത്രിയായിരുന്നു സംഭവം . മൂന്നോളം കാട്ടാനകള്‍ ഇറങ്ങി ആയിരത്തോളം വരുന്ന കുലച്ച ഏത്ത വാഴകളാണ് വ്യാപകമായി നശിപ്പിച്ചത് . അര്‍ദ്ധരാത്രി ഇറങ്ങിയ കാട്ടാനകള്‍ കൊലച്ച വാഴകള്‍ ഒന്നൊന്നായി പറിച്ചെടുക്കുകയായിരുന്നു . ഏകദേശം 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്നും കൃഷിക്കാര്‍ പറഞ്ഞു.ശബരിമല വനാതിര്‍ത്തി മേഖലയായ കാളകെട്ടി – കോയിക്കക്കാവ് മേഖലയില്‍ നിന്നും വരുന്ന കാട്ടാനകളാണ് പ്രദേശത്ത് വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു . ജനവാസമേഖലയില്‍ വന്യമൃഗം ആക്രമം തടയുന്നതിനായി സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചെങ്കിലും രക്ഷയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സോളാര്‍ വേലികള്‍ സ്ഥാപിക്കാതെ വശത്തുകൂടിയും – വേലികള്‍ തകര്‍ത്തുമാണ് കാട്ടാനകള്‍ കൃഷിസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത്. സംഭവത്തെ തുടര്‍ന്ന് എരുമേലി കൃഷി വകുപ്പും മറ്റ് അധികൃതര്‍ സ്ഥാനത്ത് എത്തി . വനാതിര്‍ത്ഥി ജനവാസ മേഖലയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ശക്തമായ സോളാര്‍വേലികള്‍ സ്ഥാപിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു . കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.