Sunday, May 5, 2024
indiaNewspolitics

വിദ്വേഷ പരാമര്‍ശം; ശോഭ കരന്തലജെയ്ക്ക് എതിരെ നടപടി

ബംഗലൂരു: തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗലൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ബംഗലൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.

കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം.

പരാമര്‍ശം വിവാദമായതോടെ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ദലജെക്കെതിരെ മധുര പൊലീസ് കേസെടുത്തിരുന്നു. കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നായിരുന്നു ശോഭയുടെ കേരളത്തെ കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം.