Saturday, April 20, 2024
keralaNewsUncategorized

ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേത് : എഡിജിപി അജിത്ത് കുമാര്‍

കോഴിക്കോട് : ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തലവന്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍. ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു.                  പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.മൂന്ന് പേരുടെ ജീവന്‍ നഷ്ടമാവുകയും ഒമ്പത് പേര്‍ക്ക് ഗുരുതരമായി പൊളളലേല്‍പ്പിക്കുകയും ചെയ്ത ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുളള നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘം മാധ്യമങ്ങളെ അറിയിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ആണ് മണിയോടെ കോഴിക്കോട്ടെത്തിച്ച പ്രതി ഇന്ന് രാവിലെ വരെ കോഴിക്കോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലും പരിശോധനകളിലും ആയിരുന്നു. രാവിലെ 10 മണിയോടെ മുന്‍സിഫ് മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പ്രതിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലന്നും ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണെന്നും റിപ്പോര്‍ട്ട് നല്‍കി. മജിസ്റ്റീരിയല്‍ കസ്റ്റഡിയിലായ പ്രതിയെ ഇതോടെ ജയിലിലേക്ക് മാറ്റാതെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുളള അപേക്ഷ നല്‍കാനായി അന്വേഷണ സംഘത്തിന്റെ നീക്കം. നാലു മണിയോടെ പ്രതിയെ മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ഇയാളെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. കുറ്റകൃത്യം ചെയ്യാനുളള കാരണം, ഇതിന് പ്രേരണ നല്‍കിയത് ആരെല്ലാം തുടങ്ങിയ നിര്‍ണായക വിവരങ്ങളെല്ലാം പ്രതിയില്‍ നിന്ന് അന്വേഷണ സംഘത്തിന് കിട്ടേണ്ടതുണ്ട്. ദില്ലയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടതു മുതല്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമടക്കം മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെട്ടതടക്കമുളള കാര്യങ്ങളില്‍ വിശദമായ തെളിവെടുപ്പും വരുന്ന ദിവസങ്ങളില്‍ നടക്കും. ഇതിനിടെ പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി. മൂന്ന് പേരുടെ മരണത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന സൂചനകളുടെ കൂടി പശ്ചാത്തലത്തിലാണ് കൊലക്കുറ്റം ചുമത്തിയത്.