Sunday, May 5, 2024
keralaNews

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി

കോട്ടയത്ത് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയെന്ന് ഡോക്ടേഴ്സ്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കി തുടങ്ങിയെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.ഇന്നലെ തന്നെ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടേഴ്സ് വ്യക്തമാക്കിയിരുന്നു.

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.