Friday, May 17, 2024
keralaNews

ദുരൂഹതയുണര്‍ത്തി തിരുവനന്തപുരം കല്ലമ്പലത്ത് രണ്ടു മരണങ്ങള്‍.

ദുരൂഹതയുണര്‍ത്തി തിരുവനന്തപുരം കല്ലമ്പലത്ത് രണ്ടു മരണങ്ങള്‍. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ തിങ്കളാഴ്ച രാവിലെയും സുഹൃത്തായ അജിത്തിനെ ഇന്ന് രാവിലെയും മരിച്ചനിലയില്‍ കണ്ടെത്തി. അജിത്തിനെ വാഹനം ഇടിപ്പിച്ചു കൊന്നതാണെന്നു പ്രതി സജീഷ് സമ്മതിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥന്റേതും കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ പിഡബ്ല്യുഡിയില്‍ ഹെഡ് ക്ലര്‍ക്കായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലാ കോട്ടജില്‍ അജികുമാറെന്ന തമ്പിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് മുറിവേറ്റതും രക്തം മുറിക്കുള്ളില്‍ തളംകെട്ടിക്കിടന്നതും കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കു താമസിക്കുന്ന അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനം നടന്നിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം.

അതിനിടിയിലാണ് ചൊവ്വാഴ്ച അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് വാഹനാപകടത്തില്‍ മരിച്ചത്. സുഹൃത്തായ സജീഷാണ് റോഡിലൂടെ നടന്നുപോയ അജിത്തിന്റെ ദേഹത്ത് വാഹനം കൊണ്ടിടിപ്പിച്ചത്. അതിനുശേഷം സജീഷ് കല്ലമ്പലം പൊലീസില്‍ കീഴടങ്ങി. അജിത്തും സജീഷും അജികുമാറിന്റെ സുഹൃത്തുക്കളാണ്. അതിനാല്‍ രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

ഇവര്‍ ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയാവാം അജികുമാര്‍ കൊല്ലപ്പെട്ടതെന്നും അതിനെ ചൊല്ലിയുള്ള തര്‍ക്കമാവും പിറ്റേദിവസത്തെ വാഹനം ഇടിപ്പിച്ചുള്ള കൊലപാതകത്തില്‍ എത്തിയതെന്നുമാണു പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ആരാണ് അജികുമാറിനെ കൊന്നത്, കാരണമെന്ത് എന്നിവയില്‍ വ്യക്തതയായിട്ടില്ല. വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ സംഘം, കൊല്ലപ്പെട്ട രണ്ടു പേരുടെയും സുഹൃദ് വലയത്തില്‍പെട്ട ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.