Monday, May 6, 2024
keralaNews

വാട്ടര്‍ എടിഎം റെഡി;രണ്ടുരൂപയിട്ടാല്‍ ഒരുലിറ്റര്‍ കുടിവെള്ളം.

എംസി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്ന വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചു. എച്ച്ടുഒ കെയര്‍ എന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ്, വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഈ സംവിധാനം ഒരുക്കിയത്. ചങ്ങനാശേരി തുരുത്തിയില്‍ ഓഫീസിനു മുന്നിലായാണ് ഇത് സ്ഥാപിച്ചത്.കോയിന്‍ വൈന്‍ഡിങ് സിസ്റ്റത്തിലാണ് മെഷീന്‍ പ്രവര്‍ത്തനം. നാണയം മെഷീനിലേക്കിട്ടാല്‍ ഒരുലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കും. വെള്ളം കുപ്പികളിലും ശേഖരിക്കാം. ഉപഭാക്താക്കള്‍ക്ക് നല്‍കുന്ന വെള്ളം ഏഴ് ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് നല്‍കുന്നതെന്ന് എച്ടുഒ കെയര്‍ സ്ഥാപനത്തിന്റെ എം ഡി ജോര്‍ജ് സ്‌കറിയ പറഞ്ഞു.
ഗുണനിലവാരവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ റീഡിങ്ങുകള്‍ മെഷീനിലെ സ്‌ക്രീനില്‍ തെളിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാട്ടര്‍ എടിഎമ്മിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി എംഎല്‍എ നിര്‍വഹിച്ചു. വാഹന യാത്രികര്‍ക്കായി പ്രധാന പാതയോരത്ത് ആദ്യമായാണ് വാട്ടര്‍ എടിഎം പ്രവര്‍ത്തനം ആരംഭിക്കുന്നത്.