Friday, May 3, 2024
keralaNews

വളളം മറിഞ്ഞ് വിഴിഞ്ഞത്ത് കാണാതായവരില്‍ ഒരാള്‍ മരിച്ചു, മന്ത്രിമാര്‍ക്ക് മുന്നില്‍ പരാതിയുമായി തീരദേശവാസികള്‍

വിഴിഞ്ഞത്ത് രൂക്ഷമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്നും കണ്ടെത്തിയത്. കാണാതായ ശെല്‍വരാജിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.പുലര്‍ച്ചെ മൂന്നിനു ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച കോസ്റ്റുഗാര്‍ഡ് ഇന്ന് രാവിലെ ഒമ്ബത് മണി മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. അതിനുശേഷമാണ് ഡേവിഡ്സണിന്റെ മൃതദേഹം കണ്ടെത്തിയത്.

മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും വിഴിഞ്ഞത്തെത്തി. തീരരക്ഷാസേന അധികൃതരുമായി മന്ത്രിമാര്‍ തിരച്ചില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരോടു പരാതിപ്പെട്ടു.ചൊവാഴ്ച രാത്രി വിഴിഞ്ഞം ഹാര്‍ബറിലേക്ക് കയറുന്നതിനിടയില്‍ തിരയിലും പുലിമുട്ടിലുമടിച്ച് തകര്‍ന്നുപോയ, പൂന്തുറ സ്വദേശി ജോസ് മാത്യുവിന്റെ വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരില്‍ രണ്ടുപേര്‍ രാവിലെ പുല്ലുവിള, അടിമലത്തുറ തീരങ്ങളില്‍ നീന്തിക്കയറിയിരുന്നു. വള്ളം തകര്‍ന്നുപോയി മണിക്കൂറുകളോളം ഇരുവരും കടലില്‍ നീന്തുകയായിരുന്നു.