Friday, May 10, 2024
keralaNews

വര്‍ക്കലയില്‍ നാടന്‍ ബോംബുശേഖരവുമായി യുവാക്കള്‍ പിടിയില്‍

ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ജനങ്ങളെ ആക്രമിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്യുന്ന യുവാക്കളെ അയിരൂര്‍ പോലീസ് പിടികൂടി. തുമ്പ വെട്ടുകാട് സ്വദേശികളായ റൂബിന്‍ സ്റ്റാന്‍ലി, ടെര്‍ബിന്‍ സ്റ്റാന്‍ലി , അരുണ്‍ മഹേഷ് , കഴക്കൂട്ടം ആറ്റിപ്ര സ്വദേശി അഖില്‍
എന്നിവരാണ് പിടിയിലായത്. വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത് .                                                                                        അയിരൂര്‍ ആശാന്‍ മുക്കില്‍ നിന്നും നൈഫ് എന്ന യുവാവിനെ വീടിന് മുന്നില്‍ വച്ചു ബൈക്കില്‍ എത്തിയ 3 അംഗ സംഘം ആക്രമിക്കുകയും നൈഫിന്റെ കയ്യില്‍ നിന്നും ബലമായി ബൈക്ക് പിടിച്ചെടുത്തു സംഘം കടന്നുകളയുകയുമായിരുന്നു. അയിരൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തുകയും അഖില്‍ എന്ന യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ ഉപയോഗിച്ചിരുന്ന പള്‍സര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയും ചെയ്തു.                                                                     പിടികൂടിയ യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നും കൂടെ ഉണ്ടായിരുന്നവര്‍ തുമ്ബ സ്വദേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ പോലീസ് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ വര്‍ക്കല അഞ്ചുതെങ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി ആയ ഒന്നാം പാലത്തില്‍ നടന്ന വാഹന പരിശോധനയില്‍ ഓട്ടോയില്‍ എത്തിയ മൂന്ന് യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തതില്‍ ഇവര്‍ തുമ്പ സ്വദേശികളാണ് എന്ന് തിരിച്ചറിയുകയും തുടര്‍ന്ന് അഞ്ചുതെങ് പോലീസ് പരിശോധനയില്‍ ഇവരില്‍ നിന്നും 10 ഓളം നാടന്‍ ബോംബുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

സംഭവത്തില്‍ അഞ്ചുതെങ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ആയ അഖില്‍ പാറമടകളില്‍ നിന്നും കരിമരുന്നു ശേഖരിച്ചാണ് നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നത് എന്നും മുന്‍പും സമാനമായ കേസുകള്‍ പ്രതികളുടെ പേരില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടെന്നും വര്‍ക്കല ഡി വൈ എസ് പി ബാബുകുട്ടന്‍ പറഞ്ഞു. നാടന്‍ ബോംബുകള്‍ നിര്‍വീര്യം ആക്കാന്‍ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്ത് എത്തുമെന്നും ഡി വൈ എസ് പി അറിയിച്ചു. വര്‍ക്കല ഡി വൈ എസ് പി ബാബുകുട്ടന്റെ നിര്‍ദ്ദേശപ്രകാരം അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍.ജി , എ .എസ് .ഐ സുനില്‍കുമാര്‍ , സി .പി ഓ മാരായ സജീവ്, സേവ്യര്‍,ഷംനാസ് , എന്നിവര്‍ ചേര്‍ന്നാണ് കോവൂര്‍ നാലുമുക്കില്‍ നിന്നും പ്രതികളെ പിടികൂടിയത്