Sunday, May 19, 2024
indiaNews

കോവിഡ് ബാധിതനായ പിതാവിനെ ചികിത്സിക്കാന്‍ എംബിഎ ബിരുദധാരി ആശുപത്രിയില്‍ തൂപ്പുകാരനായി

നല്ല ജോലിയും ഉന്നത വിദ്യാഭ്യാസവുമുള്ള യുവാവായിരുന്നു മധു കിഷന്‍. എന്നാല്‍, ഈ കൊറോണ കാലഘട്ടത്തില്‍ മധുകിഷന് ജോലി ഉപേക്ഷിച്ച് ആശുപത്രിയിലെ തൂപ്പുകാരനാകേണ്ടി വന്നു. കുടുംബത്തെ സംരക്ഷിക്കുക എന്നത് മാത്രമല്ല, കൊറോണ ബാധിച്ച പ്രായമായ അച്ഛനോടുള്ള സ്‌നേഹം കൊണ്ട് കൂടിയാണ് അയാള്‍ മികച്ച ജോലി ഉപേക്ഷിച്ച് അച്ഛനെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ തൂപ്പുകാരനായി ജോലിക്ക് കയറിയത്. എന്നാല്‍, മകന് അച്ഛനോടുള്ള ഈ സ്‌നേഹത്തിനിടയിലും കൊറോണ വൈറസില്‍ നിന്ന് തന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ യുവാവിന് കഴിഞ്ഞില്ല.                                             വിധി ആ പിതാവിന്റെ ജീവന്‍ കവര്‍ന്നു. വിശാഖപട്ടണത്തിലെ അക്കയ്യപാലെമില്‍ സ്വദേശിയായ എം ബി എ ബിരുദധാരി മധുകിഷന്‍ എന്ന യുവാവ് ഒരു കോള്‍ സെന്ററില്‍ ഒന്നര വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ് സുദര്‍ശന്‍ റാവു (67) പ്രാദേശിക കപ്പല്‍ശാലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ ആയിരുന്നു.കൊറോണ പോസിറ്റീവായ സുദര്‍ശന്‍ റാവുവിനെ മെയ് രണ്ടാം തിയതിയാണ് നഗരത്തിലെ കിംഗ് ജോര്‍ജ് ഹോസ്പിറ്റലില്‍ (കെ ജി എച്ച്) പ്രവേശിപ്പിച്ചത്.                                                                                                           ആശുപത്രിയിലെ സി എസ് ആര്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരികയായിരുന്നു. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം പിതാവ് കുളിമുറിയില്‍ തെന്നിവീണ് രക്തസ്രാവമുണ്ടായി. മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചതായി അദ്ദേഹം പിന്നീട് മധുവിനോടും കുടുംബാംഗങ്ങളോടും പരാതിപ്പെട്ടിരിന്നു. പിതാവിനെ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തതിനാല്‍ മധുകിഷന്‍ അച്ഛന്‍ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയില്‍ തൂപ്പുകാരനാകാന്‍ തീരുമാനിച്ചു.                                                                                         ഇതിനായി അദ്ദേഹം കോള്‍ സെന്റര്‍ ജോലി ഉപേക്ഷിച്ചു. എന്നാല്‍, ആശുപത്രിയില്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് പിതാവിന്റെ മൃതദേഹം കൊറോണ വാര്‍ഡില്‍ അശ്രദ്ധമായി കിടക്കുന്നതാണ് മധു കണ്ടത്. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് പിതാവ് മരിച്ചതെന്ന് യുവാവ് അധികൃതര്‍ക്ക് പരാതി നല്‍കി. ജില്ലാ കളക്ടര്‍, പൊലീസ് കമ്മീഷണര്‍, ആശുപത്രി മേധാവി, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കാണ് മധുകിഷന്‍ പരാതി നല്‍കിയത്. തന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിണമെന്നും ഇതു പോലുള്ള അനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കണമെന്നും മധു ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.