Tuesday, May 7, 2024
keralaNews

വയനാട് ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

വയനാട് :ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടലോടെ വീട്ടുകാര്‍. വയനാട് പനമരത്താണ് നാടിനെ നടക്കിയ സംഭവമുണ്ടായത്. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖും ഭാര്യ നിതാ ഷെറിനും രണ്ടര വയസ്സുകാരന്‍ മകനും കഴിഞ്ഞ ദിവസമാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാംപ്രവന്‍ അബ്ദുള്‍ റഷീദിന്റെ വീട്ടില്‍ വിരുന്നിനെത്തിയത്. ഏറെ സന്തോഷത്തോടെയാണ് എത്തിയത്. എന്നാല്‍ രാത്രിയോടെ കാര്യങ്ങള്‍ മറിമറിഞ്ഞു. വീടിന്റെ മുകള്‍ നിലയിലാണ് ഇവര്‍ക്ക് മുറിയൊരുക്കിയത്.

ഭക്ഷണ ശേഷം എല്ലാവരും ഉറങ്ങാനായി പോയി. അര്‍ധരാത്രി പൊലീസെത്തി വാതിലില്‍ മുട്ടിയപ്പോള്‍ അബ്ദുല്‍ റഷീദ് വാതില്‍ തുറന്നു. സ്വന്തം വീട്ടില്‍ കൊലപാതകം നടന്നെന്ന് പൊലീസാണ് റഷീദിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകളിലെ മുറിയിലായിരുന്നു മൂവരും താമസിച്ചത്. രാത്രിയില്‍ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരനെ ആദ്യം വിവരം അറിയിച്ചു. സഹോദരനാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. പനമരം പൊലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്. എന്തിനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാല്ല. ചോദ്യം ചെയ്യലില്‍ വിവരം പുറത്തുവരുമെന്ന് പൊലീസ് പറഞ്ഞു.