Tuesday, April 30, 2024
AstrologyLocal NewsNewsUncategorized

ഭക്തിയുടെ നേര്‍ക്കാഴ്ചയൊരുക്കി വള്ളിയങ്കാവില്‍ പൊങ്കാല

മുണ്ടക്കയം : കിഴക്കന്‍ മലയോര മേഖലയിലെ ഏറ്റവും വലിയ വിശ്വാസ സങ്കല്പത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളിയങ്കാവ് ശ്രീ ദേവീ ക്ഷേത്രത്തില്‍ ഭക്തിയുടെ നിറക്കാഴ്ചയൊരുക്കി പൊങ്കാല മഹോത്സവം നടത്തി. വള്ളിയങ്കാവില്‍ ഏപ്രില്‍ എട്ട് മുതല്‍ 12 വരെ നടക്കുന്ന തിരുവുത്സത്തിന്റെ ഭാഗമായാണ് ഇന്നലെ 10 ബുധനാഴ്ച പൊങ്കാല മഹോത്സവം നടത്തിയത്. നാളെ 12 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠ ദിന പൂജകളും നടക്കും.തിരുവുത്സവ പൂജകള്‍ക്കും പൊങ്കാലക്കും ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി, കീഴ്ശാന്തി ജാത വേതന്‍ നമ്പൂതിരി മറ്റ് ക്ഷേത്രം ഭാരവാഹികള്‍ നേതൃത്വം നല്‍കി.                                                                                                                 

വള്ളിയങ്കാവിന്റെ ചരിത്രം

ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവര്‍ അജ്ഞാത വാസത്തിനായി സഹ്യപര്‍വ്വത നിരകളില്‍ വന്നുവെന്നും അതിന്റെ തെളിവുകള്‍ പാഞ്ചാലിമേട് മുതല്‍ പൊന്‍മുടി വരെ ഇന്നും ദൃശ്യമാണ്. വനദുര്‍ഗ്ഗയായ പരാശക്തിയെ ആരാധിച്ചിരുന്ന പഞ്ചപാണ്ഡവര്‍ അജ്ഞാതവാസകാലം അവസാനിക്കുന്ന ഘട്ടത്തില്‍ തങ്ങളുടെ സഹായികളായി നിന്നിരുന്ന ആദിവാസികള്‍ക്ക് തങ്ങള്‍ പൂജിച്ചിരുന്ന വനദുര്‍ഗ്ഗയുടെ പ്രതിഷ്ഠ കൈമാറി എന്നാണ് വിശ്വാസം. കാലാവസ്ഥയ്ക്കും – ഭക്ഷണ ലഭ്യതയും – താമസവും അനുസരിച്ച് മാറി – മാറി വന്നിരുന്ന ആദിവാസി വിഭാഗം തങ്ങളുടെ കൂടെ ഈ ദേവി വിഗ്രഹവും കൂട്ടിയിരുന്നു.

തുടര്‍ന്ന് കാലാന്തരത്തില്‍ പാഞ്ചാലിമേടിന്റെ അടിവാരത്തില്‍ വള്ളിക്കെട്ടുകള്‍ നിറഞ്ഞ സമതല മേഖലയില്‍ എത്തിയ ഇവരുടെ പിന്‍തലമുറക്കാര്‍ ഇവിടെ സ്ഥിരതാമസമാക്കുകയും,വള്ളിക്കെട്ടുകളാല്‍ തീര്‍ത്ത കാവിനുള്ളില്‍ ദേവീ വിഗ്രഹം പ്രതി ഷ്ഠിക്കുകയും ചെയ്തു. വള്ളിക്കെട്ടുകള്‍ തീര്‍ത്ത കാവിലെ അമ്മ എന്ന അര്‍ത്ഥത്തില്‍ പിന്നീട് ദേവീ വള്ളിയാങ്കാവിലമ്മ എന്നറിയപ്പെടാന്‍ തുടങ്ങിയെന്നാണ് സങ്കല്പം. തങ്ങളുടെ ഇഷ്ട ദൈവങ്ങളെ പ്രീതി പ്പെടുത്തുവാന്‍ മൃഗബലിയും , മദ്യം, കറുപ്പ്, പുകയില തുടങ്ങിയവ പൂജക്കായും ഉപോയോഗിച്ചു. മൃഗബലി നടത്തി രക്തം ആരാധനാമൂര്‍ത്തിക്കുമേല്‍ ചൊരിയുകയും – അസ്ഥിയുടെ ഭാഗങ്ങള്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുകയും ചെയ്തിരുന്നു.

അങ്ങനെ സൗമ്യഭാവം ഉണ്ടായിരുന്ന വനദുര്‍ഗ്ഗ ഇത്തരം പൂജാവിധികളിലൂടെ ഉഗ്രരൂപിണിയായ ഭദ്രയിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. പഞ്ച പാണ്ഡവര്‍ നല്‍കിയ ഈ ദേവി വിഗ്രഹത്തോടൊപ്പം ദേവതുല്യരായി പഞ്ചപാണ്ഡവന്മാരെയും (അഞ്ചുമൂര്‍ത്തികള്‍) തങ്ങളുടെ പൂര്‍വികനായ ആദിവാസി മുപ്പനായ കരിങ്കുറ്റിയാനോടൊപ്പം പൂജിച്ചു പോന്നിരുന്നു.

കരിങ്കുറ്റിയാന് ഇഷ്ട വഴിപാടായി മദ്യവും അഞ്ചു മൂര്‍ത്തികള്‍ക്ക് ചുട്ട കായ് കളും – കിഴങ്ങുകളുമാണ് പൂജദ്രവ്യങ്ങളായി ഉപയോഗിച്ചിരുന്നത്. ഇന്നും അത് തുടരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രാധാന്യമായി കണക്കാക്കുന്നത് .കിഴക്കന്‍ മലയോര മേഖലയുടെ പ്രവേശന കവാടമായ മുണ്ടക്കയത്ത് നിന്നും 15 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറി ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ (ഠഞ&ഠ) എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് 1950 കാലം മുതല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ഭക്തര്‍ എത്തിയിരുന്നു. 1970 കളില്‍ അന്നത്തെ ആദിവാസി മൂപ്പനായ കണ്ടന്‍ കോന്തിയുടെ നേതൃത്വ ത്തില്‍ മണ്ണും, പുല്ലും ഉപയോഗിച്ച് ചെറിയ ക്ഷേത്രങ്ങള്‍ നിര്‍മിച്ച് വിഗ്രഹങ്ങള്‍ അതില്‍ പ്രതിഷ്ഠിച്ചു. വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കുന്ന പാഞ്ചാലിമേട്ടിലെ ക്ഷേത്രവും ഇന്ന് പരിപാവനമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. എന്നാല്‍ പാഞ്ചാലിമേടിന് മതിയായ സംരക്ഷണം നല്‍കാതെ, മേഖലയെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുന്ന സര്‍ക്കാര്‍ നടപടിയില്‍ വിശ്വാസികള്‍ പ്രതിഷേധത്തിലുമാണ്.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ കണ്ടന്‍ കോന്തിയുടെ പേരില്‍ പാലൂര്‍ക്കാവ് പോസ്റ്റ് ഓഫീസ് വഴി മൃഗബലിക്കും മറ്റുമായി പണം മണി ഓര്‍ഡറായി വന്നിരുന്നതും ഇന്നും ഇവര്‍ ഓര്‍ക്കുന്നു. ഈ ആചാരവും – അനുഷ്ഠാനവും വഴി ക്ഷേത്രത്തിലേക്ക് വരുമാനം കൂടിയതോടെ പണം വീതം വയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കവും ഏറ്റുമുട്ടലും വരെ ഉണ്ടായി. ഈ തര്‍ക്കത്തെ തുടര്‍ന്ന് 1993 ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു.                                                        ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ക്ഷേത്രത്തിലെ പൂജയുടെ ഭാഗമായി കോഴിയെ വെട്ടുന്ന ആചാരം നടന്നിരു ന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് ദേവസ്വം തന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രശ്നവിധിയില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന പൂജാവിധികളില്‍ മാറ്റം വരുത്തുന്നത് ദേവി ചൈതന്യം കുറ യ്ക്കുമെന്ന് തെളിഞ്ഞു.കോഴിയെ വെട്ടുന്നതിന്റെ പ്രതീകാത്മകമായി കോഴിയെ പറപ്പിക്കുകയും, മൃഗബലിക്ക് സമാനമായി ക്ഷേത്രത്തിലെ മുഖ്യ വഴിപാടായി വലിയ ഗുരുതി (കൂശ്മാണ്ഡബലി) നടത്താമെന്നു തീരുമാനിക്കുകയായിരുന്നു.

മൃഗബലിക്ക് പകരം കുമ്പളങ്ങ മുറിക്കുകയും രക്തവര്‍ണം കൃത്രിമമായി ഉണ്ടാക്കി ബലിക്കളത്തില്‍ ഒഴിച്ചുള്ള ആചാരം ഇന്നും തുടരുകയാണ്. ക്ഷേത്രത്തിലെ പൂജാ വിധികള്‍ അവസാനിച്ച ശേഷമാണ് വലിയ ഗുരുതി ഗുരുതികളത്തില്‍ നടത്തുന്നത്. ഗുരുതി കഴിഞ്ഞ് പ്രസാദം വാങ്ങി വീട്ടില്‍ കയറമെന്നാണ് വിശ്വാസം. വലിയ ഗുരുതിക്ക് 7175 രൂപയാണ് ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്. ശബരിമല മണ്ഡലകാലത്തൊഴികെ എല്ലാ ദിവസവും നടത്തിവരുന്ന ഈ വലിയ ഗുരുതിക്ക് 2028 ജനുവരി വരെ ബുക്കിംഗ് പൂര്‍ണ്ണമായിക്കഴിഞ്ഞു.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കുന്ന ഘട്ടത്തില്‍ മാളികപ്പുറത്ത് നടത്തുന്ന ഗുരുതിയില്‍ പങ്കാളികളാകാന്‍ ഇവിടെ നിന്നും അരയവിഭാഗക്കാര്‍ വ്രതംമെടുത്ത് ശബരിമലയ്ക്ക് പോയിരുന്നതിനാലാണ് ഈ കാലയളവില്‍ മൃഗബലി നടത്താത്. പിന്നീട് നടത്തിയ പ്രശ്നവിധിയില്‍ ഉഗ്രഭാവത്തിലുള്ള വള്ളിയാങ്കാവിലമ്മയില്‍ സൗമ്യ ഭാവത്തിലുള്ള വനദുര്‍ഗയും കുടികൊള്ളുന്നതിനാല്‍ പ്രധാന ക്ഷേത്രത്തോട് ചേര്‍ന്ന് വനദുര്‍ഗ്ഗയെയും പ്രതിഷ്ഠിച്ചു. ആദിവാസി വിഭാഗക്കാരുടെ മൂര്‍ത്തികളായിരുന്ന കരിങ്കുറ്റിയാനും, അഞ്ച് മൂര്‍ത്തികള്‍ക്കും ഇപ്പോഴും പൂജചെയ്യുന്നത് അരയ വിഭാഗത്തിലുള്ളവര്‍ തന്നെയാണ്.വള്ളിയാംകാവിലെത്തി വലിയ ഗുരുതി നേര്‍ന്നാല്‍ ഏത് നടക്കാത്ത കാര്യവും നടക്കുമെന്നും, ഇങ്ങനെ ഉദ്ധിഷ്ട കാര്യം നേടിയവരാണ് വലിയഗു രുതിക്ക് പണം അടച്ച് വര്‍ഷങ്ങള്‍ കാത്തുനില്‍ക്കുന്നത് .