Friday, May 3, 2024
keralaNews

വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ പിടിയില്‍

വയനാട് കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് നേരെ പോലീസ് വെടിവയ്പ്. തലപ്പുഴ, പേരിയ മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അര മണിക്കൂറോളം വെടിവയ്പ് തുടര്‍ന്നു. വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. രാത്രി 10.45 ഓടെയായിരുന്നു ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടും പോലീസും വനമേഖലയില്‍ തെരച്ചില്‍തുടരുന്നു. പേരിയ 34 ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാന്‍ എത്തിയ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് നേരെയാണ് തണ്ടര്‍ ബോള്‍ട്ട് വെടി വെച്ചത്. നാലാംഗ സംഘമാണ് അനീഷിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. കബനി ദളത്തിലെ ചന്ദ്രു എന്ന സോമന്‍, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ടവരെ പിടികൂടുന്നതിനായി തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിലേക്ക് തിരിച്ചു. മേഖലയില്‍ പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ കോഴിക്കോട് അതിര്‍ത്തിലുള്ള വനമേഖലയില്‍ നിന്ന് കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടര്‍ ബോള്‍ട്ട് സംഘം പിടികൂടിയിരുന്നു. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് തണ്ടര്‍ ബോള്‍ട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉള്‍ക്കാട്ടില്‍ കഴിയുന്ന കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു ഇയാളുടെ ചുമതല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു രാത്രിയോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്.