Thursday, May 9, 2024
Local NewsNews

എരുമേലി ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കണം: പഞ്ചായത്ത് പ്രസിഡന്റ്

എരുമേലി: എരുമേലി ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് എരുമേലി ഡെവലെപ്പ് മെന്റ് കൗണ്‍സില്‍ (ഇഡിസി ) യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ എരുമേലി ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനമെങ്കിലും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.രാവിലെ ആശുപത്രി പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ ഇഡിസി ചെയര്‍മാന്‍ ബാബു തോമസ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ നാസ്സര്‍ പനച്ചി മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പ്രസിഡന്റ് നൗഷാദ് കുറുംകറ്റില്‍, ജമാ അത് സെക്രട്ടറി സി എ എ കരീം, ഇരുമ്പൂന്നിക്കര ഉരുകൂട്ടം മൂപ്പന്‍ രാജന്‍ അറക്കുളം, എന്‍ എസ് എസ് എരുമേലി കരയോഗം പ്രസിഡന്റ് റ്റി അശോക് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സലിം കണ്ണങ്കര, റെജി അമ്പാറ, രവീന്ദ്രന്‍ എരുമേലി, ഇ ഡി സി മറ്റ് നേതാക്കളായ വത്സല മുരളി,രാജന്‍ നാലുമാവുങ്കല്‍, അബ്ദുല്‍ കരീം അറ്റാത്തറ എന്നിവര്‍ സംസാരിച്ചു.